ടെസ്റ്റ് ക്രിക്കറ്റോ അതൊക്കെ ആര് കാണാനാണ്? ബോർ ആണ് അതൊക്കെ. ഇങ്ങനെ പറയുന്ന പല ആളുകളെയും കണ്ടിട്ടുണ്ട്. ഇന്നത്തെ തലമുറയിൽ ഉള്ള ചില ക്രിക്കറ്റ് പ്രേമികൾ എങ്കിലും ടി 20 യും ഏകദിന ക്രിക്കറ്റുമൊക്കെ മാത്രം കാണാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ അടുത്ത കാലത്ത് നടന്ന ഓസ്ട്രേലിയ- ഇന്ത്യ, ഇന്ത്യ- ഇംഗ്ലണ്ട്, ഇംഗ്ലണ്ട്- കിവീസ് ടെസ്റ്റ് മത്സരങ്ങൾ കണ്ട ആർക്കും അങ്ങനെ ഒരു അഭിപ്രായ വരാനിടയില്ല. അത്ര ആവേശമായിരുന്നു സമീപകാലത്ത് നടന്ന ഈ മത്സരങ്ങൾക്ക്. ഇത് വിരസമാണ് എന്നുപറയുന്നവർ കുറ്റപെടുന്നത് ഇതിന്റെ നീളം കാരണമാണ്.
എന്നാൽ അവരൊന്നും 1939 മാർച്ച് 3-14 തീയതികളിൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ വെച്ച് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ‘കാലാതീതമായ’( timeless ) ടെസ്റ്റ് കാണാതിരുന്നത് ഭാഗ്യം. റെക്കോർഡ് ചെയ്യപ്പെട്ട ഏറ്റവും ദൈർഘ്യമേറിയ ക്രിക്കറ്റ് മത്സരമായിരുന്നു ഇത്. ഇംഗ്ലണ്ട് ടീമിനെ നാട്ടിലേക്ക് കൊണ്ടുപോകുന്ന കപ്പൽ പത്ത് ദിവസത്തിന് ശേഷം തിരിച്ചുപോകാൻ നിന്നതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനമായത്.
ഏറ്റവും കൗതുകകരമായ കാര്യം അവസാന ദിനം ജയിക്കാൻ 45 റൺസിൽ താഴെ മാത്രം മതിയായിരുന്നു ഇംഗ്ലണ്ടിന്. പക്ഷെ ബോട്ട് അത്രയും നേരം കാത്തുനിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുക ആയിരുന്നു. 43 മണിക്കൂറും 16 മിനിറ്റും നീണ്ട മത്സരത്തിൽ 1,981 റൺ പിറന്നപ്പോൾ അതിൽ 5,447 പന്തുകൾ എറിഞ്ഞു.
Discussion about this post