ഖാലിസ്ഥാൻ ഭീകരൻ ഹാപ്പി പാസിയയെ വരും ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് നാടുകടത്തുമെന്ന് വിവരം. നിലവിൽ യുഎസ് കസ്റ്റഡിയിലുള്ള ഹാപ്പി പാസിയയെ കർശ സുരക്ഷാ ക്രമീകരണങ്ങളോടെയാവും ഡൽഹി വിമാനത്താവളത്തിലെത്തിക്കുന്നതെന്ന് കേന്ദ്ര സുരക്ഷാ ഏജൻസികൾ ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ ഏജൻസികളുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് ഏപ്രിൽ 17 നാണ് കാലിഫോർണിയയിലെ സാക്രമെന്റോയിൽ വെച്ച് പാസിയയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) അറസ്റ്റ് ചെയ്തത്. പഞ്ചാബിലുടനീളം നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ, പ്രത്യേകിച്ച് പോലീസ് സ്റ്റേഷനുകളെയും പൊതു സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇയാൾ ഏറെ കാലമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു.
ചണ്ഡീഗഡ് ഗ്രനേഡ് ആക്രമണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പാസിയയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഔദ്യോഗികമായി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഹാപ്പി പാസിയ പാകിസ്താനിലെ ഐഎസ്ഐയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്നുവെന്നും ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ), ഹർവീന്ദർ സിംഗ് റിൻഡയുടെ ശൃംഖല എന്നിവയുൾപ്പെടെയുള്ള ഖാലിസ്ഥാൻ ഭീകര സംഘടനകളുടെ സജീവ പിന്തുണ ഇയാൾക്ക് ലഭിച്ചിരുന്നുവെന്നും പറയപ്പെടുന്നു. കഴിഞ്ഞ രണ്ട് വർഷമായി ആസൂത്രിതമായ ഗ്രനേഡ് ആക്രമണങ്ങളിലൂടെയും ലക്ഷ്യമിട്ടുള്ള അക്രമങ്ങളിലൂടെയും മേഖലയെ സംഘർഷഭരിതമാക്കുന്നതിൽ ഇയാൾ പ്രധാന പങ്ക് വഹിച്ചിരുന്നു.
പഞ്ചാബ് പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും അമേരിക്കൻ നിയമപാലകരും വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന ഖാലിസ്ഥാനി പ്രവർത്തകരെ സംയുക്തമായി നിരീക്ഷിച്ചുവരുന്ന മാസങ്ങൾ നീണ്ട ശ്രമങ്ങളുടെ ഫലമായാണ് പാസിയയുടെ അറസ്റ്റ്. നാടുകടത്തപ്പെട്ടാൽ, ഹാപ്പി പാസിയയെ ഇന്ത്യൻ കോടതികൾക്ക് മുന്നിൽ ഹാജരാക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം ഉൾപ്പെടെ ഒന്നിലധികം തീവ്രവാദ വിരുദ്ധ നിയമങ്ങൾ പ്രകാരം വിചാരണയും ചെയ്യും.
Discussion about this post