ഷിംല : ജൂൺ 20ന് ആയിരുന്നു ഹിമാചൽപ്രദേശിൽ മൺസൂൺ എത്തിയത്. പിന്നാലെ തന്നെ തുടരെത്തുടരെ മേഘവിസ്ഫോടനങ്ങളും ശക്തമായ മഴയും മൂലം വൻ ദുരന്തമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഈ മൺസൂൺ കാലയളവിൽ ഇതുവരെയായി 78 പേരാണ് മഴക്കെടുതിയെ തുടർന്ന് ഹിമാചൽപ്രദേശിൽ മരിച്ചത്. 30ലേറെ പേരെ കാണാതാവുകയും ചെയ്തു. റോഡുകളും വീടുകളും കെട്ടിടങ്ങളും തകർന്നു സംസ്ഥാനമൊട്ടാകെ വൻ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.
ജൂലൈ 6 വരെ ഹിമാചൽ പ്രദേശിൽ 23 വെള്ളപ്പൊക്കങ്ങളും 19 മേഘവിസ്ഫോടനങ്ങളും 16 മണ്ണിടിച്ചിലുകളും ഉണ്ടായി. 78 മരണങ്ങളിൽ 50 എണ്ണം മുങ്ങിമരണം, വൈദ്യുതാഘാതം, ഇടിമിന്നൽ, വെള്ളപ്പൊക്കം തുടങ്ങിയ മഴക്കെടുതി പ്രശ്നങ്ങൾ മൂലമാണ്. കൂടാതെ 28 പേർ മറ്റു വിവിധ അപകടങ്ങളിലായും മരിച്ചു. 115 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 31 പേരെ കാണാതാവുകയും ചെയ്തു.
ഹിമാചൽ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തുടർച്ചയായി പെയ്യുന്ന മഴ പൊതു സേവനങ്ങളെ സാരമായി ബാധിച്ചതായി സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. ആകെ 269 റോഡുകൾ തടസ്സപ്പെട്ടു, 285 വൈദ്യുതി ട്രാൻസ്ഫോർമറുകൾ തടസ്സപ്പെട്ടു, 278 ജലവിതരണ പദ്ധതികൾ പ്രവർത്തനം നിർത്തിവച്ചു. മാണ്ഡി, കുളു, ഷിംല, സോളൻ, ലാഹൗൾ, സ്പിതി തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്.
Discussion about this post