തിരുവനന്തപുരം : സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസിലർമാർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് എസ്എഫ്ഐ. കേരളത്തിലെ നാല് വിസിമാർ സേവാഭാരതിയുടെ പരിപാടിക്ക് പോയി എന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ് വിമർശിച്ചു. സംഘപരിവാർ അല്ല വിസിമാർക്ക് ശമ്പളം കൊടുക്കുന്നത്. കേരള സർക്കാരാണ് അവർക്ക് ശമ്പളം കൊടുക്കുന്നത് എന്ന് ഓർമ്മവേണം എന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.
ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെയും എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് കടുത്ത അധിക്ഷേപമാണ് നടത്തിയത്. ഗോവ മുഖ്യമന്ത്രി സ്ഥാനം കിട്ടാത്തതിലുള്ള നിരാശയാണ് രാജേന്ദ്ര ആർലേക്കർ കേരളത്തിൽ കാണിക്കുന്നതെന്ന് എം ശിവപ്രസാദ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിസ്ഥാനം മോഹിച്ച് ഗോവ കടൽത്തീരത്ത് കൂടി തേരാപ്പാര നടന്ന വ്യക്തിയാണ് ആർലേക്കർ. കേരളത്തിലെ ഗവർണറുടെ പ്രവൃത്തി കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെ ആണെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ് അധിക്ഷേപിച്ചു.
സംഘപരിവാറിന്റെ പരിപാടികൾക്ക് പരസ്യമായി ഇറങ്ങി നടക്കുന്നവരായി കേരളത്തിലെ വിസിമാർ മാറി എന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി. ആർലേക്കർ ഗോവയിൽ നിന്നും കൊണ്ടുവരുന്ന പണമല്ല കൊടുക്കുന്നത് എന്ന് വിസിമാർക്ക് ധാരണ വേണം. ആർഎസ്എസിന് മുൻപിൽ മുട്ടിലിഴയുകയാണ് വിസിമാർ എന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ് കുറ്റപ്പെടുത്തി.
Discussion about this post