തിരുവനന്തപുരം : ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല എന്ന നിലപാടിൽ ഉറച്ച് സംസ്ഥാന ഗതാഗത വകുപ്പ്. കെഎസ്ആർടിസി നാളെ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. എല്ലാ ജീവനക്കാരും ഡ്യൂട്ടിക്ക് ഹാജരാകണമെന്നും കെഎസ്ആർടിസി അറിയിപ്പ് നൽകിയിട്ടുണ്ട്. പണിമുടക്കിനെ നേരിടാൻ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചു.
ഡയസ്നോൺ പ്രഖ്യാപിച്ചതായി കെഎസ്ആർടിസി സിഎംഡി ഉത്തരവ് പുറപ്പെടുവിച്ചു. നാളെ ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കുന്നവരുടെ ശമ്പളം റദ്ദാക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസിനെ അറിയിക്കാനും സിഎംഡി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കേന്ദ്രസർക്കാരിനെതിരായി പ്രതിപക്ഷ ട്രേഡ് യൂണിയനുകളാണ് നാളെ ദേശീയ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 10 ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. എങ്കിലും കേരളത്തിന് പുറത്ത് പണിമുടക്ക് വലിയ ചലനം ഉണ്ടാക്കില്ലെന്നാണ് കരുതപ്പെടുന്നത്. അതേ സമയം കേരളത്തിൽ സ്വകാര്യ വാഹനങ്ങൾ പോലും പുറത്തിറക്കരുതെന്ന് സിഐടിയു ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post