“ഒരു കാലത്ത് എങ്ങനെ പോയിരുന്ന ടീമായിരുന്നു ഇപ്പോഴത്തെ അവസ്ഥ അതിദയനീയം” വെസ്റ്റ് ഇൻഡീസ് ടീമിന്റെ സമീപകാല പ്രകടനങ്ങൾ കാണുന്ന ആരും ഈ വാചകങ്ങൾ പറഞ്ഞ് പോകും. ഇന്ന് ഇതാ ജമൈക്കയിലെ കിംഗ്സ്റ്റണിലെ സബീന പാർക്കിൽ നടന്ന മൂന്ന് മത്സര പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയക്ക് എതിരെ വെസ്റ്റ് ഇൻഡീസിന്റെ അതിദയനീയ ബാറ്റിംഗ് പ്രകടനം കണ്ട് ഞെട്ടലിലാണ് ആരാധകർ. ഓസ്‌ട്രേലിയ ഉയർത്തിയ 204 റൺസ് പിന്തുടർന്ന ആതിഥേയർ വെറും 27 റൺസിന് പുറത്തായി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സ്കോറിന് ഓൾ ഔട്ട് ഓൾ ഔട്ട് ആകുന്ന രണ്ടാമത്തെ ടീം കൂടിയായി വെസ്റ്റ് ഇൻഡീസ് മാറി. ഇതോടെ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും ഓസ്ട്രേലിയ വിജയിച്ചു.
രണ്ടാം ഇന്നിങ്‌സിൽ 90 ബോൾ തികച്ചുനിൽക്കാൻ പോലും വെസ്റ്റിൻഡീസിന് സാധിച്ചില്ല എന്നതാണ് സങ്കടകരം. അതായത് ടി 20 യിൽ ഒരു ടീമിന്റെ ഇന്നിങ്സിന്റെ അത്ര പന്തുകൾ പോലും ഇന്നിംഗ്സ് നീണ്ടുപോയില്ല. 24 പന്തിൽ 11 റൺസ് നേടിയ ജസ്റ്റിൻ ഗ്രീവ്‌സ് മാത്രമാണ് വെസ്റ്റ് ഇൻഡീസ് നിരയിൽ രണ്ടക്കം കണ്ടത്. ഏഴ് വിൻഡീസ് താരങ്ങൾ പൂജ്യത്തിനു പുറത്തായി. മിച്ചൽ സ്റ്റാർക്ക് ആയിരുന്നു ഓസ്‌ട്രേലിയൻ ബോളിങ്ങിലെ ഹീറോ. താരം 6 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. സ്‌കോട്ട് ബോളണ്ടിനു മൂന്നും ജോഷ് ഹെയ്‌സൽവുഡിനു ഒരു വിക്കറ്റും. വെറും 15 പന്തിൽ ആണ് സ്റ്റാർക്ക് 5 വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയത്. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന താരം കൂടിയായി സ്റ്റാർക്ക് മാറി.
ബോളണ്ട് ഹാട്രിക്കും വീഴ്ത്തി എന്നത് ശ്രദ്ധിക്കണം. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടൽ എന്ന നാണക്കേടിന്റെ റെക്കോഡ് വിൻഡീസിന്റെ പേരിലാകുമ്പോൾ 1955 ൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡ് 26 നു ഓൾഔട്ട് ആയതാണ് ഒന്നാം സ്ഥാനത്ത്.
Discussion about this post