ഡ്യൂട്ടിക്ക് കയറുന്നതിന് മുമ്പ് ചക്കപ്പഴം കഴിച്ച കെഎസ്ആർടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാർ ബ്രത്തലൈസർ പരിശോധനയിൽ കുടുങ്ങി. മധുരമുള്ള പഴുത്ത തേൻ വരിക്ക സഹപ്രവർത്തകർക്ക് കൂടി നൽകണമെന്നു കരുതിയാണ് പന്തളം കെഎസ്ആർടിസിയിലെ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി ഇന്നലെ ചക്കപ്പഴവുമായി ജോലിക്കെത്തിയത്.
പന്തളം കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.എന്നാൽ മദ്യപിച്ചിട്ടില്ലെന്നും രക്തപരിശോധന വരം നടത്താൻ തയ്യാറാണെന്നും ഡ്രൈവർ പറഞ്ഞതോടെ അധികൃതർ പ്രശ്നത്തിലായി.
സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിന് മറ്റൊരു ഡ്രൈവറെ പരിശോധിക്കാം എന്ന നിഗമനത്തിലെത്തി. നേരത്തെ നടത്തിയ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞ ഒരു ജീവനക്കാരനെ വിളിച്ചു ചക്കപ്പഴം കഴിപ്പിച്ചു.
പരിശോധനയിൽ അദ്ദേഹവും മദ്യപിച്ചിട്ടുണ്ടെന്ന് യന്ത്രം കണ്ടെത്തി. ഇതോടെയാണ് തേൻവരിക്കയാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞത്. തുടർന്ന്, ബ്രത്തലൈസറിൽ കുടുങ്ങിയവരെല്ലാം നിരപരാധികളുമായി. ഇതോടെ ചക്കപ്പഴത്തിനു വിലക്കേർപ്പെടുത്തിയിരിക്കുകയാണ് പന്തളം കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ.
Discussion about this post