ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി അർഷ്ദീപ് സിംഗിനെ ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ താരം അജിങ്ക്യ രഹാനെ അഭിപ്രായപ്പെട്ടു. മാഞ്ചസ്റ്റർ ടെസ്റ്റിൽ ബുംറ കളിക്കുമെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മുൻ ക്യാപ്റ്റന്റെ ശുപാർശ. പരമ്പര ഇംഗ്ലണ്ടിന് അനുകൂലമായി നിൽക്കുന്ന സാഹചര്യത്തിൽ ബുംറ ഇല്ലാതെ അടുത്ത ടെസ്റ്റിന് ഇറങ്ങരുത് എന്ന ആവശ്യം ശക്തമാണ്. എന്തിരുന്നാലും ബുംറ ഇല്ലെങ്കിലും കാര്യങ്ങൾ നടന്നോളും എന്ന നിലപാടിലാണ് രഹാനെ.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിൽ ബുംറയ്ക്ക് പകരം അർഷ്ദീപ് സിംഗ് ശരിയായ ഓപ്ഷൻ ആണെന്ന് രഹാനെ തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ അഭിപ്രായപ്പെട്ടു. ഇപ്പോൾ നടക്കുന്ന പരമ്പരയിൽ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എങ്കിലും താരം ഇതുവരെ ഒരു മത്സരത്തിലും കളിച്ചിട്ടില്ല. ഇംഗ്ലീഷ് സാഹചര്യങ്ങളിൽ പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യാൻ കഴിയുന്നതിനാൽ അർഷ്ദീപിന്റെ സേവനം ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് രഹാനെ ചൂണ്ടിക്കാട്ടി. സ്പിന്നർമാരെ സഹായിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് രഹാനെ കൂട്ടിച്ചേർത്തു.
“എനിക്ക് തോന്നുന്നു, അതെ. ബുംറ കളിക്കുന്നില്ലെങ്കിൽ, അർഷ്ദീപാണ് അനുയോജ്യൻ. കാരണം ഇംഗ്ലണ്ടിൽ, പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യാൻ കഴിയുന്ന ഒരു ഇടംകൈയ്യൻ സീമർ ആവശ്യമാണ്. സ്പിന്നർമാർക്ക് അനുകൂല സാഹചര്യം ഒരുക്കാൻ അവന്റെ ബോളിങ്ങിനാകും. അതിനാൽ, ബുംറ കളിക്കുന്നില്ലെങ്കിൽ, അർഷ്ദീപ് അടുത്ത മത്സരത്തിൽ കളിക്കണം,” രഹാനെ പറഞ്ഞു.
അതേസമയം നാലാം ടെസ്റ്റിന് മുമ്പുള്ള പരിശീലനത്തിനിടെ അർശ്ദീപ് സിങിന് പരിക്ക് പറ്റിയെന്ന വാർത്ത വന്നിരുന്നു. എന്തായാലും ബുംറ കളിക്കുന്ന സാഹചര്യം ഉണ്ടായാൽ ഇന്ത്യയെ താരത്തിന്റെ പരിക്ക് ബുദ്ധിമുട്ടിക്കില്ല.
Discussion about this post