ന്യൂഡൽഹി : പാകിസ്താൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ആഗോള ആയുധ വിപണിയിൽ താരമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകൾ. ഇന്ത്യയിൽ നിന്നും ബ്രഹ്മോസ് വാങ്ങുന്നതിനായി ഇപ്പോൾ ലോകരാജ്യങ്ങൾ മത്സരിക്കുകയാണ്. നിലവിൽ 15 രാജ്യങ്ങൾ ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടത്തിവരുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിന് മുൻപേ തന്നെ ബ്രഹ്മോസിന് ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ വലിയ ഡിമാൻഡ് ഉണ്ടായിരുന്നു. ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന സംഘടനയും (DRDO) റഷ്യൻ ഫെഡറേഷന്റെ NPO മഷിനോസ്ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ ആദ്യം താൽപര്യം പ്രകടിപ്പിച്ചത് ഫിലിപ്പീൻസ് ആണ്. 2022 ജനുവരിയിൽ ഏകദേശം 375 മില്യൺ ഡോളർ വിലമതിക്കുന്ന ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾക്കായുള്ള ആദ്യത്തെ പ്രധാന പ്രതിരോധ കയറ്റുമതി കരാറിൽ ഇന്ത്യ ഫിലിപ്പീൻസുമായി ഒപ്പുവച്ചിരുന്നു. കരാർ പ്രകാരമുള്ള ആദ്യ ബാച്ച് 2024 ഏപ്രിലിലും, രണ്ടാമത്തേത് 2025 ഏപ്രിലിലും വിതരണം ചെയ്തു.
ബ്രഹ്മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡ് ആണ് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ രൂപകല്പന ചെയ്ത് നിർമ്മിക്കുന്നത്. ഈ വർഷം ആദ്യം ഇന്തോനേഷ്യ ബ്രഹ്മോസ് മിസൈലുകൾ വാങ്ങാനായുള്ള താൽപര്യം ഇന്ത്യയെ അറിയിച്ചു. 350 മില്യൺ ഡോളറിന്റെ ആയുധ വില്പന കരാറുമായി ഇന്ത്യ-ഇന്തോനേഷ്യ ചർച്ചകൾ പുരോഗമിക്കുകയാണ്. സുഖോയ് സു-30എംകെഎം യുദ്ധവിമാനങ്ങൾക്കും കെഡ ക്ലാസ് യുദ്ധക്കപ്പലുകൾക്കുമായി ഉപയോഗിക്കുന്നതിനാണ് ഇന്തോനേഷ്യ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്നത്. ഇതോടൊപ്പം തന്നെ മലേഷ്യയും വിയറ്റ്നാമും ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്നതിനുള്ള ചർച്ചകൾ തുടരുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നും തായ്‌ലൻഡ്, സിംഗപ്പൂർ, ബ്രൂണൈ എന്നീ രാജ്യങ്ങളും ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്നതിനായി ഇന്ത്യയുമായി ചർച്ചകൾ നടത്തുന്നുണ്ട്.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ മധ്യപൂർവേഷ്യൻ രാജ്യങ്ങളും ലാറ്റിനമേരിക്കൻ രാജ്യങ്ങളും ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്നതിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീൽ, ചിലി, അർജന്റീന, വെനിസ്വേല എന്നിവയാണ് ഇന്ത്യയിൽ നിന്നും ആയുധങ്ങൾ വാങ്ങുന്നതിനുള്ള ചർച്ചകൾ നടത്തിവരുന്നത്. പ്രധാനമായും ബ്രഹ്മോസ് മിസൈലുകൾ തന്നെയാണ് ഈ രാജ്യങ്ങൾ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഈജിപ്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളും ഇന്ത്യയുമായി ആയുധ കരാറിൽ എത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 290 കിലോമീറ്റർ സ്റ്റാൻഡേർഡ് റേഞ്ചും 300 കിലോഗ്രാം വരെ ഭാരമുള്ള ഒരു വാർഹെഡ് വഹിക്കാൻ കഴിവും 15 കിലോമീറ്റർ വരെ ഉയരത്തിൽ സഞ്ചരിച്ച് കൃത്യമായി ലക്ഷ്യം ഭേദിക്കാനുള്ള കഴിവും ആണ് വിദേശരാജ്യങ്ങൾക്കിടയിൽ ബ്രഹ്മോസിനെ സൂപ്പർതാരമാക്കുന്നത്.









Discussion about this post