ന്യൂഡൽഹി : പാർലമെന്റിന്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന് ആരംഭമായി. കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സർവകക്ഷി യോഗത്തിന് നേതൃത്വം നൽകുന്നത്. വിവിധ പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. പാർലമെന്റ് ഹൗസ് അനക്‌സിലെ പ്രധാന കമ്മിറ്റി മുറിയിൽ രാവിലെ 11:00 ന് ആണ് യോഗം ആരംഭിച്ചത്.
2025ലെ ഇന്ത്യൻ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ 8 ബില്ലുകൾ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ബില്ലുകളുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സർവ്വകക്ഷി യോഗത്തിൽ നടക്കും. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും സഹമന്ത്രി അർജുൻ റാം മേഘ്‌വാളും ആണ് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുന്നത്.
കോൺഗ്രസിന്റെ ഗൗരവ് ഗൊഗോയ്, ജയറാം രമേശ്, എൻസിപി-ശരദ് പവാറിന്റെ സുപ്രിയ സുലെ, ഡിഎംകെയുടെ ടിആർ ബാലു, ആർപിഐ (എ) നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവാലെ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നു. പാർലമെന്റിന്റെ ഈ വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ആരംഭിച്ച് ഓഗസ്റ്റ് 21 വരെ തുടരും. എന്നാൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ പ്രമാണിച്ച് ഓഗസ്റ്റ് 12 നും ഓഗസ്റ്റ് 18 നും ഇടയിൽ പാർലമെന്റ് യോഗങ്ങൾ ഉണ്ടായിരിക്കില്ല.
Discussion about this post