ശ്രീശാന്തിനെ താൻ പണ്ട് തല്ലിയ സംഭവത്തെക്കുറിച്ചും അതിനെക്കുറിച്ച് ശ്രീയുടെ മകൾ തന്നോട് ചോദിച്ചു എന്നും പറഞ്ഞിരിക്കുകയാണ് ഹർഭജൻ സിങ്. 2008 ൽ, പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിലെ പത്താം മത്സരത്തിന് ശേഷം, മൊഹാലിയിൽ കിംഗ്സ് ഇലവൻ പഞ്ചാബും (ഇപ്പോൾ പഞ്ചാബ് കിംഗ്സ്) മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിന് ശേഷം ഹർഭജൻ ശ്രീശാന്തിനെ തല്ലിയിരുന്നു.
ക്രിക്കറ്റ് ലോകത്ത് ഈ സംഭവം വളരെ പെട്ടെന്ന് തന്നെ ചർച്ചാ വിഷയമായി മാറുകയും, സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ ഹർഭജനെ ഐപിഎല്ലിൽ നിന്ന് വിലക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട്, മുൻ സ്പിന്നർ തന്റെ കരിയറിൽ നിന്ന് അത് പൂർണ്ണമായും മായ്ച്ചുകളയാൻ ആഗ്രഹിക്കുന്നുവെന്ന് സമ്മതിച്ചു.
“എന്റെ ജീവിതത്തിൽ എന്തെങ്കിലും സംഭവം ഒഴിവാക്കണം എന്ന് ഞാൻ ചിന്തിച്ചിട്ട് ഉണ്ടെങ്കിൽ അത് ശ്രീശാന്തുമായുള്ള സംഭവമാണ്. ആ നിമിഷം എന്റെ കരിയറിൽ നിന്ന് മായ്ച്ചുകളയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അതൊരു തെറ്റായിരുന്നു, ഞാൻ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. എണ്ണമറ്റ തവണ ഞാൻ ക്ഷമാപണം നടത്തിയിട്ടുണ്ട്, വർഷങ്ങൾക്ക് ശേഷവും, അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ ക്ഷമാപണം തുടർന്ന് പറയാറുണ്ട്. അത് തെറ്റായിരുന്നു,” ഹർഭജൻ കുട്ടി സ്റ്റോറീസ് വിത്ത് ആഷിൽ പറഞ്ഞു.
തുടർന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “ഇത്രയും വർഷങ്ങൾക്ക് ശേഷവും എന്നെ ശരിക്കും വേദനിപ്പിച്ചത് അദ്ദേഹത്തിന്റെ മകളെ കണ്ടുമുട്ടിയപ്പോഴാണ്. ഞാൻ അവളോട് വളരെ സ്നേഹത്തോടെ സംസാരിക്കുകയായിരുന്നു, അവൾ മറുപടി പറഞ്ഞു, ‘എനിക്ക് നിങ്ങളോട് സംസാരിക്കാൻ താൽപ്പര്യമില്ല. ഇയാൾ എന്റെ അച്ഛനെ അടിച്ചു.’ എന്റെ ഹൃദയം തകർന്നു, ഞാൻ കണ്ണീരിലേക്ക് വഴുതിവീണു. എത്ര മാപ്പ് പറഞ്ഞാലും പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തത്. അതാണ് ആ കുഞ്ഞ് എന്നോട് ക്ഷമിക്കാത്തത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീശാന്തും ഹർഭജനും അന്നത്തെ സംഭവത്തിന് ശേഷം പ്രശ്നങ്ങൾ എല്ലാം മറന്ന് പിന്നെ നല്ല കൂട്ടുകാരായി 2011 ലോകകപ്പ് ജയിച്ച ടീമിന്റെ ഭാഗമായിരുന്നു.
Discussion about this post