കേരള ക്രിക്കറ്റ് അതിന്റെ ഏറ്റവും മികച്ച നാളുകളിലൂടെയാണ് കടന്നു പോകുന്നത് എന്ന് പറയാം. രഞ്ജി ട്രോഫിയുടെ ഫൈനലിൽ എത്തിയതും ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനവും എല്ലാം ചേർത്ത് ഇത്രയും നാളും കേട്ട വിമർശനങ്ങൾക്കും കളിയാക്കലുകളുമൊക്കെ മറുപടി കൊടുക്കാനും കേരള ക്രിക്കറ്റിനായി. ഈ വിഷയവുമായി ബന്ധപ്പെട്ട് സഞ്ജു സാംസൺ സംസാരിച്ചിരിക്കുകയാണ്.
കഴിഞ്ഞ സീസണിൽ നടന്ന രഞ്ജി സെമിഫൈനൽ തനിക്ക് നഷ്ടമായതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ. “സെമിഫൈനൽ നഷ്ടമായതിൽ എനിക്ക് നിരാശ തോന്നി… പക്ഷേ അടുത്ത രഞ്ജി ട്രോഫി ഫൈനൽ ഞാൻ നഷ്ടപ്പെടുത്തില്ല,” സഞ്ജു പറഞ്ഞു. കഴിഞ്ഞ സീസണിൽ സഞ്ജു കേരളത്തിനായി ഒരു മത്സരത്തിൽ മാത്രമാണ് കളിച്ചത്. ദേശീയ ടീമുമായുള്ള തിരക്കുകൾ കാരണവും പിന്നീട് പരിക്ക് മൂലവും സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായി. അതിനിടയിൽ, പ്രീ-സീസൺ പരിശീലന ക്യാമ്പ് നഷ്ടമായതിനെ തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഉന്നതരുമായി സഞ്ജു അത്ര രസത്തിൽ ആയിരുന്നില്ല.
സീസണിലുടനീളം കേരളം സഞ്ജുവിന്റെ അഭാവം തെല്ലൊന്ന് ബാധിക്കാതെ മനോഹരമായി കളിച്ചു. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും കിരീട വിജയത്തിന് തുല്യമായ പ്രകടനം തന്നെയാണ് നടത്തിയത് എന്ന് പറയാം. കൗമാരപ്രായത്തിൽ സംസ്ഥാന ടീമിൽ ചേർന്ന തനിക്ക് കേരള ക്രിക്കറ്റ് നടത്തിയ നീണ്ട മുന്നേറ്റങ്ങളിൽ അഭിമാനമുണ്ടെന്ന് പറഞ്ഞു. “ഞാൻ കളിക്കാൻ തുടങ്ങിയപ്പോൾ, തമിഴ്‌നാട്ടിലെയും കർണാടകയിലെയും ഞങ്ങളുടെ സുഹൃത്തുക്കൾ കേരള ക്രിക്കറ്റിനെ അവജ്ഞയോടെയാണ് കണ്ടിരുന്നത്,” സഞ്ജു പറഞ്ഞു.
“ഞാൻ തമാശ പറയുനത്തല്ല. കേരളവുമായിട്ട് ആണ് കളിയെങ്കിൽ നമുക്ക് രണ്ട് ദിവസം കൊണ്ട് മത്സരം തീർക്കാം എന്ന് അവർ കരുതിയിരുന്നു. അവർ പുച്ഛിച്ച ആ സമയത്ത് മറുപടിയൊന്നും നമ്മൾ കൊടുത്തിരുന്നില്ല. അന്ന്, ഒരു ദിവസം അവരെ തോൽപ്പിച്ച് രഞ്ജി ട്രോഫി ചാമ്പ്യന്മാരാകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ 15 വർഷമായി എന്നോടൊപ്പം കളിച്ച എല്ലാവരും അത് അനുഭവിച്ചിട്ടുണ്ട്, അതിനാൽ റണ്ണേഴ്‌സ് അപ്പ് ആകുന്നത് വലിയ നേട്ടമാണ്.”
“ഇനി ഞങ്ങൾക്ക് ഒരു പടി കൂടി മുന്നോട്ട് പോകാനുണ്ട്, രഞ്ജി ട്രോഫി ചാമ്പ്യന്മാരാകണം. അടുത്ത രഞ്ജി ട്രോഫി ഫൈനൽ എനിക്ക് നഷ്ടമാകില്ല,” സഞ്ജു പറഞ്ഞു. രാജസ്ഥാൻ റോയൽസ് നായകൻ കൂടിയായ സഞ്ജുവിന്റെ ടീം മാറ്റം സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്.
Discussion about this post