തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് കേന്ദ്രവുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി ബാധകമായിരിക്കും. സംസ്ഥാനത്ത് മൂന്നുദിവസം ദുഖാചരണം നടത്തുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. രണ്ടുദിവസത്തെ പൊതുദർശനത്തിനുശേഷം മറ്റന്നാൾ ആണ് വിഎസ് അച്യുതാനന്ദന്റെ ശവസംസ്കാരം നടത്തുക.
സിപിഎം സ്ഥാപക നേതാവായ വി.എസ്. അച്യുതാനന്ദന് വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ ആദരാഞ്ജലികൾ അറിയിച്ചു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ നിന്ന് ഇറങ്ങിപ്പോയി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 നേതാക്കളിൽ ഒരാളായിരുന്നു
വിഎസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായും മൂന്ന് തവണ പ്രതിപക്ഷ നേതാവായും കേരള രാഷ്ട്രീയത്തിൽ നിറസാന്നിധ്യമായിരുന്നു വിഎസ്. എട്ട് പതിറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തിനാണ് 101 വയസ്സിൽ അന്ത്യമായിരിക്കുന്നത്.
വിഎസ് അച്യുതാനന്ദന് അന്ത്യാഞ്ജലികൾ അർപ്പിക്കുന്നതിനായി ഇന്നും നാളെയും തിരുവനന്തപുരത്ത് പൊതുദർശനം ഉണ്ടായിരിക്കും. നാളെ ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തെ ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. മറ്റന്നാൾ ആലപ്പുഴ വലിയ ചുടുകാട്ടിൽ ആയിരിക്കും ശവസംസ്കാരം.
Discussion about this post