ന്യൂഡൽഹി : ഷിപ്പിംഗ് രേഖകൾക്കായുള്ള നിയമപരമായ ചട്ടക്കൂട് ലളിതമാക്കാൻ ലക്ഷ്യമിട്ടുള്ള ബിൽസ് ഓഫ് ലേഡിംഗ് ബിൽ 2025 പാർലമെന്റ് പാസാക്കി. 169 വർഷം പഴക്കമുള്ള കൊളോണിയൽ കാലഘട്ടത്തിലെ ഷിപ്പിംഗ് നിയമത്തിന് പകരമായി കേന്ദ്രം തയ്യാറാക്കിയതാണ് പുതിയ നിയമം. ഇന്ന് രാജ്യസഭയിൽ ബിൽ പാസായതോടെ പാർലമെന്റിന്റെ ഇരുസഭകളും ഇപ്പോൾ ബിൽസ് ഓഫ് ലേഡിംഗ് ബിൽ, 2025 അംഗീകരിച്ചു.
ഈ വർഷം മാർച്ചിൽ ബിൽസ് ഓഫ് ലേഡിംഗ് ബിൽ ലോക്സഭ പാസാക്കിയിരുന്നു. ഇന്ന് ഉച്ചഭക്ഷണത്തിനു ശേഷമുള്ള സെഷനിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തിയെങ്കിലും, ശബ്ദ വോട്ടോടെയാണ് ബിൽ രാജ്യസഭ പാസാക്കിയത്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ ആണ് രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചത്. സമുദ്ര ഷിപ്പിംഗിനായി കൂടുതൽ ആധുനികവും ഉപയോക്തൃ സൗഹൃദവുമായ ഒരു ചട്ടക്കൂട് നൽകുക എന്നതാണ് നിർദ്ദിഷ്ട നിയമം ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി.
1856-ലെ ഇന്ത്യൻ ബിൽസ് ഓഫ് ലേഡിംഗ് ആക്ടിന് പകരമായി പുതിയ നിയമനിർമ്മാണം നടപ്പിലാക്കുമെന്നും 2025-ലെ ബിൽസ് ഓഫ് ലേഡിംഗ് ആക്റ്റ് ആയി ഇത് നടപ്പിലാക്കുമെന്നും സോനോവാൾ പറഞ്ഞു. സാഗർമാല പരിപാടി പ്രകാരം, എല്ലാ തുറമുഖങ്ങളെയും നവീകരിക്കുകയും അവയുടെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് കേന്ദ്രസർക്കാർ പുതിയ നിയമനിർമാണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. 2047 ആകുമ്പോഴേക്കും ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് കപ്പൽ നിർമ്മാണ രാജ്യങ്ങളിൽ ഒന്നാക്കി മാറ്റുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് ബിൽ അവതരിപ്പിക്കുന്നതിനിടെ സോനോവാൾ സഭയിൽ വ്യക്തമാക്കി.
Discussion about this post