ധാക്ക : ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം ധാക്കയിലെ ഒരു സ്‌കൂളിന് മുകളിൽ തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 കടന്നു. മരിച്ചവരിൽ 25 പേരും സ്കൂളിലെ വിദ്യാർത്ഥികളാണ്. ഒരു അധ്യാപകനും കൊല്ലപ്പെട്ടു. ചൈനീസ് യുദ്ധവിമാനമാണ് പറക്കലിനിടെ തകർന്ന് സ്കൂളിനു മുകളിലേക്ക് വീണത്. അപകടത്തിൽ 170 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
എഫ്-7 ബിജിഐ പരിശീലന വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 1:06 ന് പറന്നുയർന്ന് വൈകാതെ തന്നെ തകർന്നു വീഴുകയായിരുന്നു. വടക്കൻ ധാക്കയിലെ ഉത്തര ഏരിയയിലാണ് അപകടം നടന്നത്. ചൈനീസ് നിർമ്മിത പരിശീലന യുദ്ധവിമാനമായ എഫ്-7 ബിജിഐ സാങ്കേതിക തകരാറിനെ തുടർന്നാണ് തകർന്നുവീണത് എന്നാണ് ബംഗ്ലാദേശ് സൈന്യം വ്യക്തമാക്കുന്നത്.
ദിയാബാരിയിലെ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജിന്റെ രണ്ട് നില കെട്ടിടത്തിൽ വിമാനം ഇടിച്ചു വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉടൻതന്നെ സ്ഫോടനവും തീപിടുത്തവും ഉണ്ടായി. 25 കുട്ടികളും ഒരു അധ്യാപകനും പൈലറ്റും ഉൾപ്പെടെ 27 പേരാണ് ഇതുവരെ മരിച്ചത്. ലെഫ്റ്റനന്റ് മുഹമ്മദ് തൗഖീർ ഇസ്ലാം ആണ് വിമാനം പറത്തിയിരുന്നത്. അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ നടന്നിരുന്ന കെട്ടിടത്തിലേക്ക് ആണ് വിമാനം ഇടിച്ചിറങ്ങിയത്. കൊല്ലപ്പെട്ടവരെല്ലാം ചെറിയ കുട്ടികൾ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post