റോഡിൽ ആരോരും രക്ഷിക്കാനില്ലാതെ കുഴഞ്ഞുവീണ യുവതിയെ സിപിആർ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമിച്ച യുവാവിന് ലഭിച്ചത് എട്ടിന്റെ പണി. ഡോക്ടറുടെ സാന്നിദ്ധ്യത്തിൽ സിപിആർ നൽകിയ യുവാവിനെതിരെ നാട്ടുകാർ പീഡനപരാതിയാണ് നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് 42 കാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.
ചൈനയിലെ മദ്ധ്യ ഹുനാൻ പ്രവശ്യയിലെ ഹെംഗ്യാംഗിലാണ് സംഭവം. കഴിഞ്ഞ ദിവസം ഒരു യുവതി റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഇത് കണ്ടുനിന്ന ഡോക്ടർ ഉടനെയെത്തി സിപിആർ നൽകി. എന്നാൽ ഇതിനിടെ അവർ ക്ഷീണിച്ചു. ഇതോടെ സഹായിക്കാനായി ആളെ വിളിക്കുകയായിരുന്നു. പിന്നാലെ പാൻ എന്ന യുവാവ് മുന്നോട്ട് വന്നു. ഇയാൾ ഏതാണ്ട് പത്ത് മിനിട്ടോളം നേരം യുവതിയ്ക്ക് സിപിആർ നൽകി. ആംബുലൻസെത്തും മുൻപ് യുവതിയുടെ നാഡിമിഡിപ്പ് സാധാരണ നിലയിലായി,
അധികം വൈകാതെ തന്നെ, സിപിആർ നൽകുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതാണ് യുവാവിന് വിനയായത്. ഇതോടെയാണ് പാനിനെതിരെ പരാതികൾ ഉയർന്നത്. യുവതിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുചിതമായി സ്പർശിച്ചുവെന്നാണ് ഒരു വിഭാഗം ആളുകൾ കുറ്റപ്പെടുത്തുന്നതും, പരാതിപ്പെടുന്നതും. സംഭവം ചർച്ചയായതോടെ, ജനം ഇങ്ങനെ കുറ്റപ്പെടുത്തുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും താൻ ഇങ്ങനെ ജീവൻ രക്ഷിക്കാൻ ശ്രമിക്കില്ലായിരുന്നുവെന്നാണ് പാൻ പറയുന്നത്. താൻ ചെയ്തത് തെറ്റായിരുന്നുവെങ്കിൽ ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ എന്തേ അത് ചൂണ്ടിക്കാണിക്കാതിരുന്നുവെന്ന് അദ്ദേഹം ചോദിക്കുന്നു.
Discussion about this post