പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബ്രിട്ടനിൽ ലഭിച്ചത് ഊഷ്മള സ്വീകരണം. ദിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ബ്രിട്ടനിലെത്തിയ പ്രധാനമന്ത്രിയെ, ഇന്തോ-പസഫിക് വെസ്റ്റിന്റെ ചുമതലയുള്ള യുകെ വിദേശകാര്യ മന്ത്രി കാതറിൻ വെസ്റ്റ് സ്വീകരിച്ചു. താമസസ്ഥലത്തേക്കുള്ള വഴികളിലുടനീളം നരേന്ദ്രമോദിയെ കാത്ത് ത്രിവർണപതാകകളുമായി,ആർപ്പുവിളികളോടെ ഇന്ത്യൻ സമൂഹം നിന്നത് വേറിട്ട കാഴ്ചയായി. നരേന്ദ്രമോദി കീ ജയ്, ഭാരത് മാതാ കീ ജയ് വിളിച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ജനങ്ങൾ നൽകിയ ആവേശകരമായ സ്വീകരണത്തിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും ഇന്ത്യയുടെ പുരോഗതിയോടുള്ള അവരുടെ സ്‌നേഹവും സമർപ്പണവും ശരിക്കും ഹൃദയത്തെ സ്പർശിച്ചുവെന്ന് തന്റെ എക്‌സ് അക്കൗണ്ടിൽ വിശേഷിപ്പിക്കുകയും ചെയ്തു.
യുകെ പ്രധാനമന്ത്രി കെയ്മർ സ്റ്റാർമറിൻറെ ക്ഷണപ്രകാരമാണ് മോദി യുകെ സന്ദർശിക്കുന്നത്.യുകെയിൽ എത്തുന്ന പ്രധാനമന്ത്രി ചാൾസ് രാജാവുമായും കൂടിക്കാഴ്ച നടത്തും.ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ബ്രിട്ടീഷ് വാണിജ്യ വ്യവസായ മന്ത്രി ജോനാഥൻ റെയ്നോൾഡ്സുമാകും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്ക്കും.ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം സാധനങ്ങൾക്കും ബ്രിട്ടൻ തീരുവ ഒഴിവാക്കുമെന്നതാണ് കരാറിലെ പ്രധാന ധാരണ.
റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളെടുക്കുന്ന നിലപാടിലെ അതൃപ്തി പ്രധാനമന്ത്രി അറിയിച്ചേക്കും.ഖാലിസ്ഥാൻ വിഷയങ്ങളും പ്രധാനമന്ത്രി ഉന്നയിച്ചേക്കും. സ്വാതന്ത്രാനന്തര ഇന്ത്യയെ സംബന്ധിച്ചും, ബ്രെക്സിറ്റ് അനന്തര യുകെയെ സംബന്ധിച്ചും വലിയൊരു മുന്നേറ്റമായാണ് ഈ വ്യാപാര ഉടമ്പടി നിരീക്ഷിക്കപ്പെടുന്നത്.
ഈ കരാറിലൂടെ കച്ചവടം ചെയ്യപ്പെടുന്ന സാധനങ്ങളുടെ 99ശതമാനത്തിനും തീരുവ ഉണ്ടാകില്ല. 64 ശതമാനം ഉത്പന്നങ്ങൾക്കും ആദ്യ ദിവസം മുതൽ തീരുവ ഇളവ് ലഭിക്കും. പത്ത് വർഷത്തിനുള്ളിൽ ഇത് 85 ശതമാനമായി ഉയർത്തും. തുകൽ, പാദരക്ഷകൾ, വസ്ത്രങ്ങൾ തുടങ്ങിയ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ ഇളവ് നൽകുന്നതിലൂടെ ഇന്ത്യയുടെ ഉൽപാദന മേഖലയ്ക്ക് ഈ കരാർ ഉത്തേജനം നൽകും.
ബ്രിട്ടൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മാലിദ്വീപിലേക്ക് തിരിക്കും.പ്രധാനമന്ത്രി മുയ്‌സുവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് യാത്ര.അവിടുത്തെ സ്വാതന്ത്ര്യദിനാഘോഷത്തിലെ മുഖ്യാതിഥിയിട്ടാണ് നരേന്ദ്രമോദിയെ ക്ഷണിച്ചിരിക്കുന്നത്.
Discussion about this post