മാലി : ജൂലൈ 25, 26 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് സന്ദർശിക്കും. മാലിദ്വീപിന്റെ ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ചരിത്രപരമായ ബന്ധം ആർക്കും തകർക്കാൻ കഴിയാത്തതാണെന്ന് വ്യക്തമാക്കുകയാണ് മാലിദ്വീപിലെ മുൻ വിദേശകാര്യ മന്ത്രി . ഒരു വർഷം മുമ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യം കണക്കിലെടുത്താണ് ഇപ്പോൾ മാലിദ്വീപിലെ മുൻ സർക്കാരിലെ പ്രതിനിധികൾ ഇന്ത്യയുമായുള്ള തങ്ങളുടെ അടുത്ത ബന്ധം വ്യക്തമാക്കുന്നത്.
മാലിദ്വീപ് ഒരു പ്രതിസന്ധി നേരിടുമ്പോഴെല്ലാം സഹായം വാഗ്ദാനം ചെയ്യുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് മുൻ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് വ്യക്തമാക്കി. ഇന്ത്യക്കാരുടെ വലിയ മനസ്സിനെയാണ് അത് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലും മാലിദ്വീപിന് സഹായം തുടരാനും വർദ്ധിപ്പിക്കാനുമുള്ള ഇന്ത്യയുടെ നീക്കം അതിന്റെ പക്വതയും ഉദാരതയും കാണിക്കുന്നതാണ് എന്നും അബ്ദുള്ള ഷാഹിദ് സൂചിപ്പിച്ചു.
“ഭൂമിശാസ്ത്രപരമായി മാത്രമല്ല സൗഹൃദപരമായും ഇന്ത്യ മാലിദ്വീപുമായി വളരെ അടുത്താണെന്നും അദ്ദേഹം പറഞ്ഞു. മാലിദ്വീപിൽ അടിയന്തരാവസ്ഥയോ പ്രതിസന്ധിയോ ഉണ്ടാകുമ്പോഴെല്ലാം ഇന്ത്യ ഒരിക്കലും ഞങ്ങളെ നിരാശപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ മാലിദ്വീപിന് വേണ്ടി സംസാരിക്കാനും ഇന്ത്യ തയ്യാറാകുന്നു. നയതന്ത്ര സംഘർഷങ്ങൾ കാരണം മാലിദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞു എന്നത് നിർഭാഗ്യകരമാണ്. എന്നാൽ ഇത്തവണ പ്രധാനമന്ത്രിയുടെ സന്ദർശനം എല്ലാം ശരിയാക്കുമെന്ന് കരുതുന്നു ” എന്നും മുൻ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് വ്യക്തമാക്കി.
Discussion about this post