തെക്കു കിഴക്കൻ ഏഷ്യയിൽ യുദ്ധ കാഹളം മുഴക്കി തായ്‌ലൻഡും കമ്പോഡിയയും തമ്മിലുള്ള സംഘർഷങ്ങൾ തുടരുകയാണ്. ഇതുവരെയായി 14 ഓളം പേരാണ് ഈ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിൽ വെടിവയ്പ്പ്, റോക്കറ്റ് ആക്രമണങ്ങൾ, വ്യോമാക്രമണങ്ങൾ എന്നിവ നടത്തുന്നത് തുടരുന്നു. ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി തർക്കവും പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഹിന്ദു ക്ഷേത്രവുമായി ബന്ധപ്പെട്ട തർക്കവും ആണ് തായ്‌ലൻഡും കമ്പോഡിയയും തമ്മിലുള്ള സംഘർഷത്തിന്റെ പ്രധാന കാരണം.
11-ാം നൂറ്റാണ്ടിലെ ഒരു ഹിന്ദു ക്ഷേത്ര സമുച്ചയമായ പ്രസാത് താ മുയെൻ തോം ആണ് ഇരു രാജ്യങ്ങളുടെയും പ്രധാന തർക്ക വിഷയം. കംബോഡിയയിലെ ഒദ്ദാർ മീഞ്ചെ പ്രവിശ്യയ്ക്കും തായ്‌ലൻഡിലെ സുരിൻ പ്രവിശ്യയ്ക്കും ഇടയിലുള്ള അതിർത്തി മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ശിവക്ഷേത്രം വളരെക്കാലമായി തായ്‌ലൻഡും കമ്പോഡിയയും തമ്മിലുള്ള സംഘർഷത്തിന്റെ കേന്ദ്രമാണ്. ക്ഷേത്ര സമുച്ചയത്തിന്റെ ഉടമസ്ഥാവകാശം ഇരുരാജ്യങ്ങളും അവകാശപ്പെടുന്നു. ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഖെമർ സാമ്രാജ്യത്തിന്റെ ചരിത്രപരമായ അതിർത്തിക്കുള്ളിലാണെന്ന് കംബോഡിയ വാദിക്കുന്നു. കൊളോണിയൽ കാലഘട്ടത്തിലെ ഭൂപടങ്ങൾ ഉദ്ധരിച്ച് തങ്ങളുടെ ഭൂപ്രദേശത്താണ് ക്ഷേത്രം ഉള്ളതെന്ന് തായ്‌ലൻഡും വാദിക്കുന്നു. 1962-ൽ അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) ക്ഷേത്രം കംബോഡിയയ്ക്ക് വിട്ടുകൊടുത്തെങ്കിലും, തായ്‌ലൻഡ് അതിനു ചുറ്റുമുള്ള ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്നത് തുടരുന്നു.
ഖെമർ രാജാവായ ഉദയാദിത്യവർമ്മൻ രണ്ടാമന്റെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട പ്രസാത് താ മുയെൻ തോം എന്ന ശിവക്ഷേത്രം പുരാതന ഖെമർ ഹൈവേയോട് ചേർന്നുള്ള ഡാങ്രെക് പർവതനിരകളിലാണ് സ്ഥിതി ചെയ്യുന്നത് . ഹിന്ദു ദേവനായ ശിവന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. സങ്കീർണ്ണമായ കൊത്തുപണികളും സംസ്‌കൃത ലിഖിതങ്ങളും കൊണ്ട് ചുറ്റപ്പെട്ട ക്ഷേത്രത്തിൽ ഒരു പ്രകൃതിദത്ത പാറ ശിവലിംഗവും ഉണ്ട്. എന്നാൽ സാധാരണ രീതിയിൽ ഖെമർ ക്ഷേത്രങ്ങൾക്ക് കിഴക്കുഭാഗത്തേക്കുള്ള കവാടം ആണ് ഉണ്ടാകാറുള്ളതെങ്കിൽ ഈ ക്ഷേത്രത്തിന് തെക്കു ഭാഗത്തേക്കാണ് കവാടമുള്ളത്.
ഇന്നത്തെ കംബോഡിയയും തായ്‌ലൻഡിന്റെ ചില ഭാഗങ്ങളും ഒരുകാലത്ത് ഉൾക്കൊള്ളിച്ചിരുന്ന ഖെമർ സാമ്രാജ്യത്തിന്റെ ചരിത്രപരമായ അതിർത്തികളെ അടിസ്ഥാനമാക്കിയാണ് കംബോഡിയ ഈ ക്ഷേത്രത്തിന് അവകാശവാദമുന്നയിക്കുന്നത്.
മെയ് മാസത്തിൽ ഈ തർക്ക പ്രദേശത്ത് ഒരു കംബോഡിയൻ സൈനികൻ വെടിവയ്പിൽ കൊല്ലപ്പെട്ടതോടെയാണ് ഏറ്റവും പുതിയ സംഘർഷം ഉടലെടുത്തത്.
Discussion about this post