മാലി : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപിൽ എത്തി. മാലിദ്വീപിന്റെ ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദർശനം. നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണമാണ് മാലിദ്വീപ് സർക്കാർ ഒരുക്കിയത്. പരമ്പരാഗത നൃത്തങ്ങളുടെ അകമ്പടിയോടെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ മാലിദ്വീപ് വരവേറ്റത്.
മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു വിമാനത്താവളത്തിൽ നേരിട്ടെത്തി മോദിയെ സ്വീകരിച്ചു. പ്രസിഡന്റ് മുയിസു മാലിദ്വീപിൽ അധികാരമേറ്റതിനുശേഷം ഒരു വിദേശ രാഷ്ട്രത്തലവന്റെ ആദ്യ സന്ദർശനമാണിത്. മാലിദ്വീപിലെ മുൻ സർക്കാരിന്റെ കാലത്ത് ഇന്ത്യയുമായി മികച്ച സൗഹൃദം പുലർത്തിയിരുന്നതിനാൽ നേരത്തെ രണ്ട് തവണ പ്രധാനമന്ത്രി മോദി മാലിദ്വീപ് സന്ദർശിച്ചിരുന്നു. ഇടക്കാലത്ത് ഇന്ത്യയുമായി വഷളായ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണ് നിലവിൽ മാലിദ്വീപ് സർക്കാർ. ഈ ശ്രമങ്ങളുടെ ഭാഗമായാണ് മാലിദ്വീപിന്റെ 60-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഹമ്മദ് മുയിസു സർക്കാർ ക്ഷണിച്ചിരിക്കുന്നത്.
വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ വരവേൽക്കാൻ മാലിദ്വീപിന്റെ പ്രസിഡണ്ടിനെ കൂടാതെ പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി, ധനമന്ത്രി, ആഭ്യന്തര സുരക്ഷാ മന്ത്രി എന്നിവരും എത്തിച്ചേർന്നിരുന്നു. രണ്ടുദിവസം നീണ്ടുനിൽക്കുന്ന മാലിദ്വീപ് സന്ദർശനത്തിൽ പ്രധാനമന്ത്രി മോദിയും മാലിദ്വീപ് പ്രസിഡണ്ടും തമ്മിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും. മാലിദ്വീപിലെ വിവിധ പദ്ധതികൾക്ക് ഇന്ത്യയിൽ നിന്നുമുള്ള സഹായം പ്രസിഡണ്ട് അഭ്യർത്ഥിച്ചിട്ടുണ്ട്.
Discussion about this post