തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
ഇന്ന് തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കേരളത്തിൽ കാലവർഷം വീണ്ടും ശക്തമായതിന് കാരണമായിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ മലയോരമേഖലകളിൽ മഴ കനത്ത നാശം വിതച്ചിട്ടുണ്ട്. പത്തനംതിട്ടയിലും മഴ വിവിധ മേഖലകളിൽ നാശനഷ്ടം സൃഷ്ടിച്ചിട്ടുണ്ട്. റാന്നി ഉൾപ്പെടെയുള്ള മേഖലകളിൽ വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണും മരങ്ങൾ കടപുഴകി വീണും നാശനഷ്ടങ്ങൾ ഉണ്ടായി. എറണാകുളം എടവനക്കാട് ഉണ്ടായ കടലേറ്റത്തിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. സംസ്ഥാനത്തെ വിവിധ ഡാമുകളിലും ജലനിരപ്പ് ഉയർന്നു. ഇടുക്കി പൊന്മുടി ഡാം ഇന്ന് തുറക്കുമെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post