മുംബൈ : ഗാസയിൽ നടക്കുന്ന വംശഹത്യക്കെതിരെ റാലി നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. ഗാസക്ക് വേണ്ടി പ്രതിഷേധിക്കുന്നതിനു മുൻപായി ആദ്യം സ്വന്തം രാജ്യത്തെ സ്നേഹിക്കുകയും ഇവിടുത്തെ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് കോടതി സിപിഐഎമ്മിനെ ഉപദേശിച്ചു. ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ , ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ച് ആണ് സിപിഐഎം സമർപ്പിച്ച ഹർജി തള്ളിയത്.
ഗാസയിലെ വംശഹത്യയ്‌ക്കെതിരെ ആസാദ് മൈതാനിയിൽ പ്രതിഷേധ പ്രകടനത്തിന് അനുമതി നൽകാത്ത മുംബൈ പോലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു സിപിഐഎം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ‘ഓൾ ഇന്ത്യ സോളിഡാരിറ്റി ഓർഗനൈസേഷൻ’ എന്ന സംഘടനയാണ് ഗാസ വംശഹത്യയ്ക്കെതിരെ പ്രതിഷേധം നടത്താൻ മുംബൈ പോലീസിൽ നിന്നും അനുമതി തേടിയിരുന്നത്. എന്നാൽ മുംബൈ പോലീസ് അനുമതി നൽകാത്ത സാഹചര്യത്തിൽ ഈ വിഷയം ചൂണ്ടിക്കാട്ടി സിപിഐഎം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി, ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സിപിഐഎമ്മിനോട് വ്യക്തമാക്കി.
” ഇങ്ങനെ പറയേണ്ടി വന്നതിൽ എനിക്ക് ഖേദമുണ്ട്, നിങ്ങളെല്ലാം ഹ്രസ്വദൃഷ്ടിയുള്ളവരാണ്. ഗാസയിലെയും പലസ്തീനിലെയും പ്രശ്‌നങ്ങൾ നിങ്ങൾ കാണുന്നുണ്ട്. നിങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു സംഘടനയാണ്. എന്നാൽ നിങ്ങളുടെ സ്വന്തം രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ നിങ്ങൾ കാണുന്നില്ല. ആദ്യം നിങ്ങളുടെ സ്വന്തം രാജ്യത്തെ നോക്കൂ. ദേശസ്‌നേഹികളാകൂ. ഈ രാജ്യത്തിന് ഒരു വിദേശനയമുണ്ട്. അത് നിങ്ങളുടെ പാർട്ടി സ്വീകരിക്കുന്ന നിലപാടിൽ നിന്നും വ്യത്യസ്തമാണ്. അതിനാൽ തന്നെ നിങ്ങൾ ആവശ്യപ്പെടുന്ന തരം പ്രതിഷേധങ്ങൾ രാജ്യത്തിന് നയതന്ത്രപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമായിട്ടുള്ളതുകൊണ്ടാണ് മുംബൈ പോലീസ് പ്രതിഷേധ റാലിക്ക് ഉള്ള അനുമതി നിഷേധിച്ചത്. മുംബൈ പോലീസും മറ്റൊരു സംഘടനയും തമ്മിലുള്ള ഈ വിഷയത്തിൽ സിപിഐഎം എന്തിനാണ് ഇടപെടുന്നത്? പോലീസിന്റെ തീരുമാനത്തിൽ കോടതി ഇടപെടില്ല,” എന്ന് ബോംബെ ഹൈക്കോടതി സിപിഐഎമ്മിനെ അറിയിച്ചു.
Discussion about this post