ബാങ്കോക്ക് : തായ്‌ലൻഡ്-കംബോഡിയ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി ഇന്ത്യൻ എംബസികൾ. നിലവിൽ തായ്‌ലൻഡിലും കമ്പോഡിയയിലും ഉള്ളവർ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ (UNSC) ഒരു സ്വകാര്യ അടിയന്തര യോഗം നിശ്ചയിച്ചിട്ടുണ്ട്. ആസിയാനും ഇരു രാജ്യങ്ങളോടും സമാധാനം നിലനിർത്താൻ അഭ്യർത്ഥിച്ചു.
തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിൽ മൂന്ന് ദിവസമായി തുടരുന്ന സംഘർഷത്തിൽ ഇതുവരെ 32 പേർ മരിച്ചു. കംബോഡിയ 12 പുതിയ മരണങ്ങൾ സ്ഥിരീകരിച്ചു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ബോംബാക്രമണത്തിനും വെടിവയ്പ്പിനും ഇടയിൽ സിവിലിയൻ ലക്ഷ്യങ്ങൾ ആക്രമിക്കപ്പെട്ടതായും ആരോപണമുണ്ട്.
സംഘർഷത്തിൽ ഇരു രാജ്യങ്ങളിലും മരിച്ചവരിൽ സൈനികരും സാധാരണക്കാരും ഉൾപ്പെടുന്നുണ്ട്. തായ്‌ലൻഡ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ബാധിത ജില്ലകളിൽ നിന്ന് 58,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. അതേസമയം, ഏകദേശം 23,000 പേർക്ക് വീട് വിട്ട് പോകാൻ നിർബന്ധിതരായതായി കംബോഡിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് ആളുകൾ താൽക്കാലിക ക്യാമ്പുകളിൽ അഭയം തേടിയിരിക്കുകയാണ്.









Discussion about this post