എറണാകുളം : കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നു. 5 ജില്ലകളിലായി എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാണാസുര സാഗർ ഡാമിൽ ജലനിരപ്പ് കൂടുതൽ ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ വീണ്ടും ഉയർത്തും. കക്കയം ഡാമിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലിനേക്കാൾ മുകളിലായി. സംസ്ഥാനത്തെ വിവിധ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
തിരുവനന്തപുരത്ത് പൊന്മുടി ഡാം, ഇടുക്കിയിൽ കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകൾ, പത്തനംതിട്ട മൂഴിയാർ ഡാം, വയനാട് ബാണാസുരസാഗർ ഡാം, തൃശ്ശൂരിൽ ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകൾ എന്നിവയിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മണിമല, അച്ചൻകോവിൽ നദികളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ തുടരുന്ന ശക്തമായ മഴയാണ് നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ വർദ്ധിക്കാൻ കാരണമായിരിക്കുന്നത്.
ബാണാസുര സാഗർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിലവിൽ 2 , 3 ഷട്ടറുകൾ 75 സെൻറീമീറ്റർ ഉയർത്തിയിരിക്കുകയാണ്. ഇനിയും ജലനിരപ്പുയർന്നാൽ ഷട്ടറുകൾ 85 സെൻറീമീറ്ററായി ഉയർത്തുമെന്ന് എക്സി. എൻജിനീയർ അറിയിച്ചു. കോഴിക്കോട് കുറ്റ്യാടി കക്കയം ഡാമിൽ ജലനിരപ്പ് റെഡ് അലർട്ടിനും മുകളിൽ ആയതോടെ ഷട്ടറുകൾ തുറന്നു ജലം ഒഴുക്കി വിടാൻ തുടങ്ങി. നദീതീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
Discussion about this post