ന്യൂഡൽഹി : യെമനിൽ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന വാർത്ത നിഷേധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ചില വ്യക്തികൾ നൽകുന്ന വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് ആണ് നിമിഷപ് പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി പ്രസ്താവന പുറത്തിറക്കിയിരുന്നത്. ഇത് തീർത്തും വ്യാജവാർത്തയാണ് എന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന കാന്തപുരത്തിന്റെ പ്രഖ്യാപനം നേരത്തെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരനും നിഷേധിച്ചിരുന്നു. ഇന്നലെ രാത്രി ആയിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഓഫീസിൽ നിന്നും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നത്. “നേരത്തെ താൽക്കാലികമായി നിർത്തിവച്ചിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി. സനയിൽ ചേർന്ന ഉന്നതതല യോഗം താൽക്കാലികമായി നിർത്തിവച്ച വധശിക്ഷ പൂർണ്ണമായും റദ്ദാക്കാൻ തീരുമാനിച്ചു,” എന്നാണ് ഗ്രാൻഡ് മുഫ്തിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്.
സംഭവത്തെക്കുറിച്ച് യെമനിൽ നിന്നും ഔദ്യോഗികമായ യാതൊരു സ്ഥിരീകരണവും ലഭിച്ചിരുന്നില്ല. തുടർന്ന് കേന്ദ്രസർക്കാർ തന്നെ ഇപ്പോൾ ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്. യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയ നിലവിൽ യെമനിലെ ജയിലിൽ കഴിയുകയാണ്. നിമിഷപ്രിയയുടെ വധശിക്ഷ തൽക്കാലത്തേക്ക് മാറ്റി വയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നും റദ്ദാക്കിയിട്ടില്ല എന്നുമാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്.
Discussion about this post