മോസ്‌കോ : റഷ്യ-ഉത്തരകൊറിയ സൗഹൃദം ശക്തമാക്കാൻ തീരുമാനിച്ച് കിം ജോങ് ഉന്നും വ്‌ളാഡിമിർ പുടിനും. രണ്ട് വർഷത്തിന് ശേഷം റഷ്യൻ വിമാനങ്ങൾ വീണ്ടും ഉത്തരകൊറിയയിൽ ഇറങ്ങി. മോസ്കോയ്ക്കും ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്‌യാങ്ങിനുമിടയിൽ റഷ്യ നേരിട്ടുള്ള വാണിജ്യ വിമാന സർവീസ് ആരംഭിച്ചു. 400 ടൂറിസ്റ്റുകൾ ആണ് റഷ്യയിൽ നിന്നുമുള്ള വിമാനത്തിൽ ഉത്തരകൊറിയയിൽ ഇറങ്ങിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വളരുന്നതിന്റെ പ്രതിഫലനമാണിതെന്ന് ഇരു ഭരണാധികാരികളും സൂചിപ്പിച്ചു. ഉത്തരകൊറിയൻ റിസോർട്ടുകളിലേക്കുള്ള ടൂറിസം വർദ്ധിപ്പിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് റഷ്യ ഉത്തര കൊറിയയിലേക്ക് വാണിജ്യ വിമാന സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. മാസത്തിലൊരിക്കൽ ആയിരിക്കും വിമാന സർവീസ് ഉണ്ടാകുക.
റഷ്യൻ എയർലൈൻ നോർഡ്‌വിൻഡിന്റെ ആദ്യ വിമാനം മോസ്കോയിലെ ഷെറെമെറ്റീവോ വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ചയാണ് പുറപ്പെട്ടത്. 400 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഉത്തരകൊറിയയുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഈ മാസം ആദ്യം ഉത്തരകൊറിയയിലെ വോൺസാൻ-കാൽമ ബീച്ച് റിസോർട്ട് സന്ദർശിച്ചിരുന്നു. രാജ്യത്തെ ടൂറിസം രംഗം മെച്ചപ്പെടുത്താനുള്ള കിം ജോങ് ഉന്നിന്റെ ശ്രമങ്ങൾക്ക് അദ്ദേഹം പൂർണപിന്തുണ അറിയിച്ചു. തകർന്നടിഞ്ഞ ഉത്തരകൊറിയൻ സമ്പദ് വ്യവസ്ഥയെ ടൂറിസത്തിലൂടെ പുനരുജ്ജീവിപ്പിക്കാൻ ആണ് നിലവിൽ കിം ജോങ് ഉന്നിന്റെ ശ്രമം.









Discussion about this post