വാഷിംഗ്ടൺ : എയർ ഇന്ത്യ വിമാനം ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്നുവീണ് ഒരുമാസത്തിനുശേഷം മറ്റൊരു ബോയിങ് വിമാനത്തിനു കൂടി എൻജിൻ തകരാർ. യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 787-8 വിമാനത്തിന് പറന്നുയർന്ന ഉടൻ എൻജിൻ തകരാർ ഉണ്ടായത്. മ്യൂണിക്കിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസ് വിമാനം UA108 വാഷിംഗ്ടണിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ഇടത് എഞ്ചിൻ തകരാറിലായതിനെ തുടർന്ന് പൈലറ്റുമാർ മെയ്ഡേ അലേർട്ട് നൽകി.
പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ഏകദേശം 5,000 അടി ഉയരത്തിൽ വച്ചാണ് വിമാനത്തിന്റെ ഇടത് എഞ്ചിൻ തകരാറിലായത്. പൈലറ്റുമാർ ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും അടിയന്തര നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഫ്ലൈറ്റ്അവെയറിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ‘മെയ്ഡേ’ അലേർട്ട് പുറപ്പെടുവിച്ചതിന് ശേഷവും യുണൈറ്റഡ് എയർലൈൻസ് വിമാനം 2 മണിക്കൂറും 38 മിനിറ്റും ആകാശത്ത് ചെലവഴിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന ഇന്ധനം ചിലവഴിച്ച് സുരക്ഷിതമായി ഇറക്കുന്നതിന് വേണ്ടി ഈ സമയം വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു.
രണ്ടര മണിക്കൂറിനു ശേഷം വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറച്ച് സുരക്ഷിതമാക്കിയ ശേഷം വാഷിംഗ്ടണിലെ ഡള്ളസ് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ശനിയാഴ്ച ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്കൻ എയർലൈൻസ് വിമാനത്തിലും സാങ്കേതിക തകരാർ അനുഭവപ്പെട്ടിരുന്നു. മയാമിയിലേക്ക് പോകുകയായിരുന്ന ബോയിംഗ് 737 മാക്സ് 8 വിമാനത്തിന് ആണ് തകരാർ സംഭവിച്ചത്.
Discussion about this post