ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി എത്തിച്ചേർന്നതോടെ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ഇന്ന് പാർലമെന്റിൽ നടക്കുന്ന ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആയിരുന്നു. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ഉള്ള പ്രതിപക്ഷത്തിന്റെ സംശയങ്ങൾക്കും ആരോപണങ്ങൾക്കും വ്യക്തവും കൃത്യവുമായ മറുപടികൾ നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ കയ്യടി നേടി. വെടിനിർത്തൽ കരാറിന് ട്രംപ് സ്വാധീനം ചെലുത്തിയോ എന്നുള്ള രാഹുൽഗാന്ധിയുടെ സംശയത്തിന് ട്രംപ് എന്നല്ല ലോകത്തിലെ ഒരു നേതാവും ഇന്ന് ഇന്ത്യയോട് ഉത്തരവിടില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു മോദി പ്രതിപക്ഷ നേതാവിന്റെ വായടപ്പിച്ചത്.
പാർലമെന്റിന്റെ മൺസൂൺ സെഷന്റെ ഏഴാം ദിവസമാണ് ഇന്ന്. മാലിദ്വീപ്, തമിഴ്നാട് സന്ദർശനങ്ങൾക്ക് ശേഷം ലോക്സഭയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും കുറിക്കുകൊള്ളുന്ന മറുപടികൾ ആയിരുന്നു നൽകിയിരുന്നത്. കോൺഗ്രസ് ഇപ്പോൾ പാകിസ്താന്റെ റിമോട്ട് കൺട്രോളറിൽ ആണ് പ്രവർത്തിക്കുന്നത് എന്ന് മോദി ലോക്സഭയിൽ പറഞ്ഞു.
“കോൺഗ്രസിന് രാജ്യത്തിന്റെ സൈന്യത്തിൽ വിശ്വാസമില്ല, ആഭ്യന്തരമന്ത്രിയിൽ വിശ്വാസമില്ല, പ്രതിരോധ മന്ത്രിയിൽ വിശ്വാസമില്ല. അവർ രാജ്യത്തിന്റെ ഒരു സംവിധാനത്തെയും വിശ്വസിക്കുന്നില്ല. പക്ഷേ പാകിസ്താൻ പുറത്തുവിടുന്ന വ്യാജവാർത്തകൾ എല്ലാം അവർ കണ്ണടച്ചു വിശ്വസിക്കുന്നു. ഓപ്പറേഷൻ സിന്ദൂർ ഒരു തമാശയാണെന്ന് കോൺഗ്രസിന്റെ തലവൻ ഒരു പുതിയ അംഗത്തെക്കൊണ്ട് പറയിപ്പിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പഹൽഗാമിലെ തീവ്രവാദികൾ എവിടെ എന്ന് അവർ അന്വേഷിച്ചുകൊണ്ടിരുന്നു. നമ്മുടെ സൈന്യം ആ തീവ്രവാദികളെ ഇല്ലാതാക്കിയപ്പോൾ കോൺഗ്രസിനാണ് വലിയ നിരാശ തോന്നുന്നത്. ”
“പഹൽഗാമിലെ ഭീകരർ പാകിസ്താനികളായിരുന്നു എന്നതിന് തെളിവ് വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പാകിസ്താനും അതുതന്നെയാണ് ആവശ്യപ്പെടുന്നത്. ഇരുവർക്കും ഒരേ സ്വരമാണ്. കൺമുമ്പിൽ ഇത്രയേറെ തെളിവുകൾ ഉള്ളപ്പോൾ പോലും അവർക്ക് സംശയങ്ങളാണ് ഉള്ളത്. മെയ് 9 ന് പാകിസ്താൻ ഏകദേശം ആയിരം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയെ ആക്രമിച്ചു. അവ ഇന്ത്യയിൽ പതിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്ന് ആലോചിച്ചിട്ടുണ്ടോ? എന്നാൽ നമ്മുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അവയെല്ലാം ആകാശത്ത് വച്ച് തന്നെ തരിപ്പണമാക്കി. ഇന്ന് ലോകം മുഴുവൻ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നു. പാകിസ്താൻ നമ്മുടെ ആദംപൂർ വ്യോമതാവളത്തിൽ ആക്രമണം നടത്തിയെന്ന നുണ പ്രചരിപ്പിച്ചു. അടുത്ത ദിവസം ഞാൻ ആദംപൂരിലെത്തി. ഞാൻ തന്നെ അവരുടെ നുണ ലോകത്തിനു മുൻപിൽ തുറന്നുകാട്ടി. കോൺഗ്രസിന് പക്ഷേ ഇപ്പോഴും രാജ്യത്തെ സംവിധാനങ്ങളെയോ സൈന്യത്തെയോ വിശ്വാസമില്ല. കോൺഗ്രസിന് എല്ലാകാലത്തും സൈന്യത്തോട് ഒരുതരം നിഷേധാത്മകതയാണ് ഉള്ളത്. ഇപ്പോൾ തന്നെ നമ്മൾ കാർഗിൽ വിജയ് ദിവസം ആചരിച്ചു. ഏതെങ്കിലും ഒരു കോൺഗ്രസുകാരൻ ഈ ദിവസത്തെ കുറിച്ച് സംസാരിച്ചിരുന്നോ? ഡോക്ലാമിൽ നമ്മുടെ സൈന്യം ധീരത കാണിച്ചപ്പോൾ, കോൺഗ്രസ് നേതാക്കൾ ആരിൽ നിന്നാണ് രഹസ്യമായി വിവരങ്ങൾ ശേഖരിച്ചിരുന്നതെന്ന് ഇപ്പോൾ ലോകം മുഴുവൻ അറിയുന്നു. പാകിസ്താന്റെ പ്രസ്താവനകളും രാജ്യത്തെ പ്രതിപക്ഷത്തിന്റെ പ്രസ്താവനകളും ഒരുപോലെ ആണെന്നാണ് ഇപ്പോൾ ജനം പറയുന്നത്. ഇരുവരും ഒരേ കാര്യങ്ങൾ ഒരേ സ്വരത്തിൽ പറയുന്നത് തുടരുകയാണ്” എന്നും മോദി ഇന്ന് പാർലമെന്റിൽ വ്യക്തമാക്കി.
Discussion about this post