മോസ്‌കോ : റഷ്യയെ പിടിച്ചു കുലുക്കി വൻ ഭൂചലനം. റഷ്യയുടെ കാംചത്ക ഉപദ്വീപിൽ ബുധനാഴ്ച പ്രാദേശിക സമയം 11:25 ന് ആണ് ഭൂചലനം നടന്നത്. റിക്ടർ സ്കെയിലിൽ 8.8 തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി ആഞ്ഞടിച്ചു.
ജപ്പാനിലെ പസഫിക് തീരത്ത് ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും ഉയർന്ന സുനാമി തിരമാലകൾ ആണ് ഉണ്ടായത്. ഇഷിനോമാകിയിൽ 50 സെന്റീമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ എത്തി. റഷ്യയിലെ കാംചത്കയുടെ ചില ഭാഗങ്ങളിൽ 3-4 മീറ്റർ (10-13 അടി) ഉയരമുള്ള സുനാമിയും രേഖപ്പെടുത്തിയിട്ടുണ്ട്.
പസഫിക് തീരത്തിന്റെ വടക്ക് ഹൊക്കൈഡോ മുതൽ തെക്ക് വകയാമ പ്രിഫെക്ചർ വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കാൻ ജപ്പാൻ നടപടികൾ ആരംഭിച്ചു. ഈ മേഖലകളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ അറിയിച്ചു.
Discussion about this post