ലേ : ലഡാക്കിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കൂറ്റൻ പാറ ഇടിഞ്ഞുവീണ് അപകടം. അപകടത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ലേയിലെ ഡർബുക്കിൽ വച്ചാണ് അപകടം ഉണ്ടായത്. ഫയർ ആൻഡ് ഫ്യൂറി കോർപ്സിലെ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ലെഫ്റ്റനന്റ് കേണൽ ഭാനു പ്രതാപ് സിങ്ങും ലാൻസ് ദഫാദർ ദൽജിത് സിങ്ങും ആണ് വീരമൃത്യു വരിച്ച സൈനികർ. ഗാൽവാനിലെ ചാർബാഗ് പ്രദേശത്ത് കൂടെ കടന്നുപോയിരുന്ന സൈനിക വാഹനത്തിന് മുകളിലേക്ക് മലമുകളിൽ നിന്നുമുള്ള കൂറ്റൻ പാറ വന്ന് പതിക്കുകയായിരുന്നു. കുത്തനെയുള്ള ചരിവുകളും ഏറെ ദുഷ്കരമായ ഭൂപ്രകൃതിയും ഉള്ള ഒരു മേഖലയിലാണ് അപകടം നടന്നത്. ഒപ്പം ഉണ്ടായിരുന്ന മറ്റ് സൈനികർ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ട് സൈനികർ വീരമൃത്യു വരിക്കുകയായിരുന്നു.
Discussion about this post