സഞ്ജു സാംസൺ- സൂര്യകുമാർ യാദവ് സൗഹൃദം ഈ അടുത്ത കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഏറെ ശ്രദ്ധിക്കുകയും ആഘോഷിക്കുകയും ചെയ്ത ഒന്നാണ്. ഇരുവരും പരസ്പരം കൊടുക്കുന്ന ബഹുമാനവും തമ്മിൽ അർപ്പിക്കുന്ന വിശ്വാസവും കാണുമ്പോൾ ഇനിയുള്ള കുറച്ച് വർഷങ്ങൾ ഇന്ത്യ ആഘോഷിക്കാൻ പോകുന്ന രണ്ട് വെടിക്കെട്ട് ബാറ്റ്‌സ്മാന്മാർ പരസ്പരം ഉള്ള കൂട്ടുകെട്ട് എന്നതിനേക്കാൾ ഉപരി ഇവർ തമ്മിൽ നല്ല ബന്ധം ആണല്ലോ എന്ന് ആരാധകർ ചിന്തിച്ചിരുന്നു.
എന്തായാലും തന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് സൂര്യകുമാർ എന്നും ഇന്ത്യൻ ടീമിൽ എത്തും മുമ്പേ തങ്ങൾ തമ്മിൽ സൗഹൃദം ഉണ്ടെന്നും സഞ്ജു പറഞ്ഞിരിക്കുകയാണ്. സ്പോർട്സ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“സൂര്യകുമാറും ഞാനും ധാരാളം ആഭ്യന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഞങ്ങൾ ഒരേ കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്, ഭാരത് പെട്രോളിയം – ആ കമ്പനിക്കുവേണ്ടി ഞങ്ങൾ ധാരാളം മത്സരങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നതിനു മുമ്പുതന്നെ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു”.
ഇന്ത്യയുടെ ടി 20 ടീമിന്റെ നായകനായി സൂര്യകുമാർ എത്തിയത് മുതൽ സഞ്ജുവിന് സ്ഥിരമായി അവസരം ആ ഫോർമാറ്റിൽ കിട്ടുന്നുണ്ട്. സമീപകാലത്ത് കിട്ടിയ പല അവസരത്തിലും സഞ്ജു തിളങ്ങുകയും ചെയ്തിരുന്നു. ടി 20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇടം നേടാനും അവിടെ മികച്ച പ്രകടനം കാഴ്ചവെക്കാനുമാണ് സഞ്ജു ഇനി ശ്രമിക്കുക.
Discussion about this post