ചെന്നൈ : നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സഖ്യം വിടുന്നതായി പ്രഖ്യാപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം. ഒ പനീർസെൽവത്തിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ കേഡർ റൈറ്റ്സ് റിട്രീവൽ കമ്മിറ്റി എൻഡിഎ വിടുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചെന്നൈയിൽ പതിവ് പ്രഭാത നടത്തത്തിനിടെ നിലവിലെ മുഖ്യമന്ത്രി എംകെ സ്റ്റാലുമായി നടത്തിയ കൂടിക്കാഴ്ചക്ക് തൊട്ടു പിന്നാലെയാണ് പനീർസെൽവം ഈ തീരുമാനം പ്രഖ്യാപിച്ചത്.
പനീർസെൽവത്തിന്റെ അനുയായിയായ പൻരുട്ടി രാമചന്ദ്രനാണ് ഒപിഎസ് വിഭാഗം എൻഡിഎ വിടുന്നതായി അറിയിച്ചത്. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയും പനീർസെൽവവുമായുള്ള ഭിന്നതയും സഖ്യം വിടാനുള്ള തീരുമാനം സ്വീകരിക്കാൻ കാരണമായിട്ടുണ്ട് എന്നാണ് സൂചന. തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ഒ പനീർസെൽവം സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയോടൊപ്പം ചേരുമോ എന്നാണ് ഇപ്പോൾ തമിഴ്നാട് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഒപിഎസ് എന്നറിയപ്പെടുന്ന പനീർസെൽവം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുമെന്ന് പൻരുട്ടി രാമചന്ദ്രൻ അറിയിച്ചു. നിലവിൽ ഒരു പാർട്ടിയുമായും സഖ്യമില്ല. ഭാവിയിൽ, സാഹചര്യങ്ങൾക്കനുസരിച്ച്, സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കും എന്നും അദ്ദേഹം അറിയിച്ചു.
Discussion about this post