ന്യൂഡൽഹി : ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി വദ്ര നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ലോക്‌സഭയിലെ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കുമെതിരെ പ്രിയങ്ക ഗാന്ധി രൂക്ഷമായ വിമർശനമുന്നയിച്ചു. ഭീകരാക്രമണങ്ങൾക്കെതിരെ മോദി സർക്കാർ ഒന്നും ചെയ്തില്ല എന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. പക്ഷേ പ്രിയങ്ക ഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കോൺഗ്രസ് അനുഭാവികൾക്ക് പകരം സമൂഹമാധ്യമങ്ങളിലെ ട്രോളൻമാരാണ് അത് ഏറ്റെടുത്തിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ ട്രോൾ വീഡിയോകളിലൂടെ വൈറലാകുന്നത്.
“2008 ലെ മുംബൈ ആക്രമണത്തിന് ശേഷം കോൺഗ്രസ് സർക്കാർ ഭീകരതയ്‌ക്കെതിരെ എന്താണ് ചെയ്തതെന്നാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചോദ്യമുന്നയിക്കുന്നത്. എന്നാൽ മുംബൈയിൽ ഭീകരാക്രമണം നടക്കുമ്പോൾ ആ ഭീകരർ കൊല്ലപ്പെട്ടുവെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ശേഷിച്ച ഒരു ഭീകരനെയും 2012 ൽ തൂക്കിലേറ്റി. ഇത് മാത്രമല്ല, അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയും ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചു. ആ സമയത്ത് സർക്കാർ ജനങ്ങളോടും രാജ്യത്തോടും ഉത്തരവാദിത്തമുള്ളവരായിരുന്നു. എന്നാൽ മോദി സർക്കാരിന്റെ കാലത്ത് ഭീകരാക്രമണങ്ങൾ ഉണ്ടായപ്പോൾ പ്രതിരോധ മന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആരും തന്നെ രാജി വെച്ചിട്ടില്ല” എന്നാണ് പ്രിയങ്ക ഗാന്ധി ഇന്ന് ലോക്സഭയിൽ വ്യക്തമാക്കിയത്.
ഓപ്പറേഷൻ സിന്ദൂറിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി ഏറ്റെടുക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ലോക്സഭയിൽ കുറ്റപ്പെടുത്തി. കശ്മീരിൽ തീവ്രവാദം അവസാനിച്ചുവെന്നും സമാധാനമുണ്ടെന്നും സർക്കാർ വ്യാജമായി പ്രചരിപ്പിക്കുകയായിരുന്നു.
നേതൃത്വം എന്നത് വെറും ക്രെഡിറ്റ് ഏറ്റെടുക്കലല്ല, ഉത്തരവാദിത്തം ഏറ്റെടുക്കലുമാണെന്നും പ്രിയങ്ക ലോക്സഭയിൽ പറഞ്ഞു.









Discussion about this post