ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തിയായി മാറിയതിന് മോദിയെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരാൻ അദ്ദേഹം ആശംസകൾ അറിയിച്ചു. ഷെയ്ഖ് മുഹമ്മദിന്റെ ആശംസകൾക്കും ഇന്ത്യയിലെ ജനങ്ങളോടുള്ള സ്നേഹത്തിനും മോദി നന്ദി അറിയിച്ചതായും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിന് ആയിരുന്നു ഇരു നേതാക്കളും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ പ്രാധാന്യം നൽകിയത്. പശ്ചിമേഷ്യയിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത തന്ത്രപരമായ പങ്കാളികളിൽ ഒന്നാണ് യുഎഇ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
“ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പരസ്പര പ്രതിബദ്ധത ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു” എന്ന് ഇരു നേതാക്കളുടെയും ചർച്ചയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. “ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിൽ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയെ അവർ ക്രിയാത്മകമായി വിലയിരുത്തി, ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുവായ നേട്ടത്തിനായി സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനും ആഴത്തിലാക്കുന്നതിനും ഊന്നൽ നൽകി,” എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Discussion about this post