വാഷിംഗ്ടൺ : ഇന്ത്യ ഉൾപ്പെടെയുള്ള 68 രാജ്യങ്ങൾക്കും 27 അംഗങ്ങളുള്ള യൂറോപ്യൻ യൂണിയനും അധിക തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. എന്നാൽ നിയമം നടപ്പിലാക്കുന്നതിനുള്ള തീയതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ഓഗസ്റ്റ് ഒന്നുമുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും എന്നായിരുന്നു യുഎസ് ഭരണകൂടം വ്യക്തമാക്കിയിരുന്നത്. ഇന്ന് ട്രംപ് ഒപ്പു വച്ചിരിക്കുന്ന ഉത്തരവ് പ്രകാരം ഓഗസ്റ്റ് 7 മുതൽ ആയിരിക്കും നിയമം പ്രാബല്യത്തിൽ വരുക.
‘പരസ്പര താരിഫ് നിരക്കുകളിൽ കൂടുതൽ പരിഷ്കാരങ്ങൾ’ എന്ന തലക്കെട്ടിലുള്ള എക്സിക്യൂട്ടീവ് ഉത്തരവിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചത്. യുഎസ് സർക്കാർ താരിഫ് ചുമത്തിയതോ പരിഷ്കരിച്ചതോ ആയ രാജ്യങ്ങളുടെ പട്ടിക വൈറ്റ് ഹൗസ് പുറത്തിറക്കി. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ ആണ് ചുമത്തിയിട്ടുള്ളത്. കൂടാതെ റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങളും ഊർജ്ജവും വാങ്ങിയതിന് അധിക പിഴ ചുമത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ജപ്പാനും ഇസ്രായേലിനും 15 ശതമാനം, പാകിസ്താന് 19 ശതമാനം, ഇറാഖിന് 35 ശതമാനം ലാവോസ്, മ്യാൻമർ എന്നിവയ്ക്ക് 40 ശതമാനം, ശ്രീലങ്കയ്ക്ക് 20 ശതമാനം, ബ്രിട്ടന് 10 ശതമാനം എന്നിങ്ങനെയാണ് പുതിയ താരിഫ് നിരക്കുകൾ.
ഏതാനും രാജ്യങ്ങൾക്ക് 40% ത്തോളം അധിക തീരുവയാണ് യുഎസ് ഭരണകൂടം ചുമത്തിയിരിക്കുന്നത്. സ്വിറ്റ്സർലൻഡിന് 39 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. സിറിയക്ക് 41 ശതമാനം തീരുവ ചുമത്തി. കാനഡയുടെ തീരുവ 25% ൽ നിന്ന് 35% ആയി ഉയർത്തുകയും ചെയ്തിട്ടുണ്ട്. അൾജീരിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ലിബിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് 30% തീരുവയാണ് ചുമത്തിയിരിക്കുന്നത്.
Discussion about this post