മുംബൈ : 2008 ലെ മാലേഗാവ് സ്ഫോടന കേസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) ഭാഗമായിരുന്ന മുൻ പോലീസ് ഇൻസ്‌പെക്ടർ മെഹിബൂബ് മുജാവർ ആണ് വെളിപ്പെടുത്തൽ നടത്തിയത്. അന്ന് രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്) മേധാവി മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘത്തിന് നിർദ്ദേശം ലഭിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ പ്രതിയാക്കപ്പെട്ട പ്രജ്ഞാ സിംഗ് താക്കൂർ ഉൾപ്പെടെ കേസിലെ ഏഴ് പ്രതികളെയും കുറ്റവിമുക്തരാക്കിയ പ്രത്യേക എൻഐഎ കോടതിയുടെ വിധിന്യായത്തിൽ പ്രതികരിക്കമ്പോഴായിരുന്നു അദ്ദേഹം അന്വേഷണത്തിനിടയിൽ നേരിട്ടിരുന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞത്. കേസ് കോടതിയുടെ പരിഗണനയിലായിരുന്നതിനാൽ പലകാര്യങ്ങളും മുൻപ് തുറന്നു പറയാൻ കഴിഞ്ഞിരുന്നില്ല. അന്ന് അന്വേഷണത്തിൽ വലിയ രാഷ്ട്രീയ സമ്മർദ്ദം നേരിട്ടിരുന്നു എന്നും മെഹിബൂബ് മുജാവർ വ്യക്തമാക്കി. മുഴുവൻ അന്വേഷണവും രാഷ്ട്രീയ സ്വാധീനം ചെലുത്തിയതാണെന്നും ചില പ്രത്യയശാസ്ത്ര ഗ്രൂപ്പുകളെ പ്രതിക്കൂട്ടിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കാവി ഭീകരത” സ്ഥാപിക്കാനുള്ള വിശാലമായ അജണ്ടയുടെ ഭാഗമായിരുന്നു അന്ന് അന്വേഷണസംഘത്തിന് ലഭിച്ചിരുന്ന നിർദ്ദേശങ്ങൾ എന്നും മെഹിബൂബ് മുജാവർ വെളിപ്പെടുത്തി. ഈ ലക്ഷ്യം മുന്നിൽ വച്ചാണ് ആർഎസ്എസ് മേധാവിയെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകിയത്. കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തതോടെയാണ് അന്നത്തെ മഹാരാഷ്ട്ര സർക്കാരിന്റെ ചില സ്ഥാപിത താല്പര്യങ്ങൾ നടക്കാതെ പോയത്. എ.ടി.എസ് അന്വേഷണത്തിന്റെ പല വശങ്ങളും കെട്ടിച്ചമച്ചതാണെന്ന് ഇപ്പോൾ പുറത്തുവന്ന വിധി വ്യക്തമാക്കുന്നുണ്ട് എന്നും അദ്ദേഹം സൂചിപ്പിച്ചു.
Discussion about this post