ന്യൂഡൽഹി : എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് അമേരിക്കയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. വെള്ളിയാഴ്ച ലോക്സഭയിൽ കോൺഗ്രസ് എംപി ബൽവന്ത് ബസ്വന്ത് വാങ്കഡെയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയും ഈ വിഷയത്തിൽ യുഎസ് സർക്കാരുമായി ഒരു ഔപചാരിക ചർച്ചയും നടത്തിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയാണ് അറിയിച്ചത്.
അമരാവതിയിൽ നിന്നുള്ള കോൺഗ്രസ് എംപിയായ ബൽവന്ത് ബസ്വന്ത് വാങ്കഡെ ആണ് അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനമായ എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാൻ യുഎസ് ഇന്ത്യയോട് നിർദ്ദേശിച്ചിരുന്നോ എന്ന ചോദ്യം ഉന്നയിച്ചത്. 2025 ഫെബ്രുവരി 13-ന് പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ എഫ്-35 യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് വിൽക്കാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യ ഈ വിഷയത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.
അതേസമയം യുഎസ് ഏർപ്പെടുത്തിയ 25 ശതമാനം താരിഫിന്റെ പ്രത്യാഘാതങ്ങൾ കേന്ദ്രസർക്കാർ പരിശോധിച്ചുവരികയാണെന്ന് വ്യാഴാഴ്ച ലോക്‌സഭയിൽ സംസാരിച്ച കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന തീരുമാനം ഇന്ത്യ പുന പരിശോധിക്കാത്തതും റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ഉൾപ്പെടെയുള്ള വിഷയങ്ങളും ആണ് ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്താനുള്ള തീരുമാനത്തിലേക്ക് ട്രംപിനെ എത്തിച്ചിട്ടുള്ളത്.
Discussion about this post