സി സദാനന്ദൻ എംപിയുടെ കാൽവെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലേക്ക് മടങ്ങിയവർക്ക് നൽകിയ യാത്രയപ്പിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് മുൻമന്ത്രിയും സിപിഎം നേതാവുമായ കെ.കെ ശൈലജ എംഎൽഎ. മാന്യമായ ജീവിതം നയിക്കുന്ന വ്യക്തികളാണ് ശിക്ഷിക്കപ്പെട്ടവരെന്ന് ശൈലജ പറഞ്ഞു.
അവരെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരാണ്. ഞാനും കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകയാണ്. ആ അർഥത്തിൽ, അവരുടെ കുടുംബാംഗങ്ങൾക്കെല്ലാം വിഷമമുണ്ടാകുന്ന സമയത്ത് ഞാൻ അവിടെ പോകേണ്ടത് ആവശ്യമായി തോന്നി. കുറ്റകൃത്യത്തെ ന്യായീകരിക്കാനല്ല അവിടെ പോയത്. അവരെ കോടതി ശിക്ഷിച്ചു. കോടതി വിധിയെ മാനിക്കുന്നു. എന്നാൽ ഇവർ ഇത്തരം കൃത്യത്തിൽ ഏർപ്പെടുന്നവരല്ല എന്ന് നാട്ടുകാർക്കെല്ലാം അറിയാവുന്നതാണ്. അവരും കുടുംബാംഗങ്ങളും വിശ്വസിക്കുന്നത് തെറ്റു ചെയ്തിട്ടില്ല എന്നാണ്. സജീവ രാഷ്ട്രീയത്തിൽ ഇല്ലാതിരുന്ന അധ്യാപകനായ കുഞ്ഞികൃഷ്ണൻ വരെ പ്രതിയായി. എന്നാൽ കുറ്റം ചെയ്തില്ലെന്ന് തെളിയിക്കാൻ അവർക്കായില്ല.യാത്രയയപ്പ് എന്ന രീതിയിൽ അതിനെ കാണാൻ സാധിക്കില്ല. പ്രതികളെ പിന്തുണയ്ക്കുക എന്ന സന്ദേശവുമില്ല. വിളിച്ചു ചേർത്ത പരിപാടിയായിരുന്നില്ല. നാട്ടുകാരെല്ലാം അവിടെയുണ്ടായിരുന്നെന്നും ശൈലജ പറഞ്ഞു
മട്ടന്നൂർ പഴശ്ശിയിൽ വെച്ച് കേസിലെ പ്രതികൾക്ക് സിപിഎം നേതാക്കളുടെ വക സ്വീകരണം നൽകിയ ശേഷമായിരുന്നു കോടതിയിൽ കീഴടങ്ങാനായി എത്തിയത്. ഈ സ്വീകരണത്തിലാണ് എംഎൽഎ കെ കെ ശൈലജ ഉൾപ്പെടെയുള്ളവർ പങ്കെടുത്തത്. വിചാരണ കോടതിയുടെ ശിക്ഷാവിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകിയശേഷം ജാമ്യത്തിൽ കഴിഞ്ഞു വരികയായിരുന്നു കേസിലെ 8 പ്രതികൾ.
1994 ജനുവരി 25-ന് ആയിരുന്നു കണ്ണൂർ പെരിഞ്ചേരിക്ക് സമീപം വെച്ച് സിപിഎം ഗുണ്ടകൾ സി സദാനന്ദൻ മാസ്റ്ററുടെ രണ്ടു കാലുകളും വെട്ടി മാറ്റിയിരുന്നത്. വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്ന പ്രതികളുടെ അപേക്ഷ സുപ്രീംകോടതിയും തള്ളിയ സാഹചര്യത്തിലാണ് ഇപ്പോൾ കോടതിക്ക് മുൻപാകെ പ്രതികൾ കീഴടങ്ങിയിരിക്കുന്നത്. കീഴടങ്ങിയ 8 പ്രതികളെയും ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഏഴുവർഷത്തെ തടവ് ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചിട്ടുള്ളത്.













Discussion about this post