മോസ്കോ : യുഎസിന്റെ ഉപരോധ ആവശ്യങ്ങൾ തള്ളിയ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേലുള്ള തീരുവ ഉയർത്തുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ് സർക്കാരിനെ റഷ്യ രൂക്ഷമായി വിമർശിച്ചു. വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഓരോ രാജ്യങ്ങൾക്കും അവകാശമുണ്ടെന്ന് ക്രെംലിൻ വ്യക്തമാക്കി.
“പരമാധികാര രാജ്യങ്ങൾക്ക് അവരുടെ വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ പൂർണ്ണ അവകാശങ്ങളുണ്ട്. ഇന്ത്യയ്ക്കുമേൽ അമേരിക്ക നിയമവിരുദ്ധമായ വ്യാപാര സമ്മർദ്ദം ചെലുത്തുകയാണ്. റഷ്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാൻ രാജ്യങ്ങളെ നിർബന്ധിക്കുന്നതിനുള്ള ശ്രമങ്ങളും ഭീഷണികളുമായ നിരവധി പ്രസ്താവനകൾ ഞങ്ങൾ കേൾക്കുന്നു. അത്തരം പ്രസ്താവനകൾ നിയമപരമാണെന്ന് ഞങ്ങൾ കരുതുന്നില്ല,” എന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
ഉക്രെയ്നുമായുള്ള മൂന്നര വർഷത്തെ സംഘർഷം അവസാനിപ്പിക്കാൻ മോസ്കോ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഓഗസ്റ്റ് 8 മുതൽ റഷ്യയ്ക്കും അവരുടെ ഊർജ്ജ കയറ്റുമതി വാങ്ങുന്ന രാജ്യങ്ങൾക്കും മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നാണ് ട്രംപ് സർക്കാർ അറിയിച്ചിരിക്കുന്നത്. യുദ്ധത്തിനായുള്ള റഷ്യയുടെ നിലപാടിൽ മാറ്റമില്ലെന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.









Discussion about this post