ഇന്ത്യയിൽ നിന്നു ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസർക്കാർ. നടപടി അങ്ങേയറ്റം ദൗർഭാഗ്യകരം ആണെന്നും രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ ഊർജ ഇറക്കുമതി വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഊർജ സുരക്ഷ ഉറപ്പാക്കുക എന്ന മൊത്തത്തിലുള്ള ലക്ഷ്യത്തോടെയുമാണ്. അതുകൊണ്ടു തന്നെ യുഎസ് നടപടി അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പുതിയ തീരുവ പ്രഖ്യാപനത്തോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ബ്രസീലിനൊപ്പം ഇന്ത്യയുമെത്തി. ബ്രസീസിലിനും 50 ശതമാനം തീരുവയാണ് ചുമത്തുന്നത്. സ്വിറ്റ്‌സർലൻഡിന് 39 ശതമാനവും കാനഡയ്ക്ക് 35 ശതമാനവും ചൈനയ്ക്ക് 30 ശതമാനവും തീരുവ ചുമത്തുന്നുണ്ട്.
വ്യാഴാഴ്ച നിലവിൽ വരുന്ന 25 ശതമാനം തീരുവയ്ക്ക് പുറമെയാണ് പുതിയ തീരുവ. ഇന്ന് പ്രഖ്യാപിച്ച തീരുവ മൂന്നാഴ്ചയ്ക്കകം പ്രാബല്യത്തിൽ വരും. ഇതോടെ ചെറിയ ഇളവുകൾ നൽകിയിട്ടുള്ളവ ഒഴികെ, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആകെ തീരുവ 50 ശതമാനമാകും. സ്റ്റീൽ, അലുമിനിയം തുടങ്ങിയ പ്രത്യേക മേഖലകൾക്കും ഫാർമസ്യൂട്ടിക്കൽസ് പോലുള്ള വിഭാഗങ്ങൾക്കുമാണ് ഇളവുകൾ.
Discussion about this post