ന്യൂഡൽഹി : അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭായോഗം നടക്കുക. ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും എന്നാണ് സൂചന.
മന്ത്രിസഭായോഗത്തിനുശേഷം ഇന്ന് വൈകിട്ടോടെ പ്രധാനമന്ത്രി ചില സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്. ഭാവി മുൻനിർത്തിയുള്ള തന്ത്രപരമായ നടപടികളെക്കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്യുമെന്നാണ് സൂചന. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള മൊത്തം യുഎസ് തീരുവ 50 ശതമാനമായി ഉയർത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ കഴിഞ്ഞദിവസം പ്രധാനമന്ത്രി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ദേശിയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഇന്ത്യ കനത്ത വില നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. താരിഫ് വർദ്ധനവിനുള്ള യുഎസിന്റെ നീക്കം അന്യായവും, നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ് എന്ന് മോദി വിമർശിച്ചു. ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുക എന്ന മൊത്തത്തിലുള്ള ലക്ഷ്യത്തോടെയാണ് ഞങ്ങളുടെ ഇറക്കുമതികൾ ചെയ്യുന്നതെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ താരിഫ് നീക്കത്തിലെ ഇരട്ടത്താപ്പിനെതിരെയും ഇന്ത്യ രംഗത്തെത്തി. റഷ്യയുടെ എണ്ണ വാങ്ങുന്ന മറ്റ് പ്രധാന രാജ്യങ്ങളായ ചൈനയും തുർക്കിയും സമാനമായ ശിക്ഷകൾ നേരിടേണ്ടി വന്നിട്ടില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
അതേസമയം താരിഫ് പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള വ്യാപാര കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
Discussion about this post