ന്യൂഡൽഹി : ഡൊണാൾഡ് ട്രംപ് സർക്കാർ ഏർപ്പെടുത്തിയ അധിക തീരുവ വിഷയത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈന. രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള വെല്ലുവിളി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ചൈന വ്യക്തമാക്കി. ഇന്ത്യയുടെ വിദേശ നയത്തിൽ ഇടപെടാൻ മറ്റൊരു രാജ്യത്തിനും അവകാശമില്ല എന്നും ചൈനീസ് എംബസി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ സൂചിപ്പിച്ചു.
ഇന്ത്യയെ ആനയായും യുഎസ് താരിഫിനെ ബേസ്ബോൾ ബാറ്റായും ചിത്രീകരിച്ച ഒരു ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു ചൈനീസ് എംബസിയുടെ സമൂഹമാധ്യമ പോസ്റ്റ്. ഒരു തെമ്മാടിക്ക് ഒരു ഇഞ്ച് സ്ഥലം നൽകിയാൽ, അവൻ ഒരു മൈൽ ദൂരം കയറി വരും എന്ന് യുഎസിനെ വിമർശിച്ചുകൊണ്ട് ന്യൂഡൽഹിയിലെ ചൈനീസ് എംബസി മേധാവി ഷു ഫെയ്‌ഹോങ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് യുഎസിലേക്കുള്ള ഇന്ത്യൻ ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചത്. ഇപ്പോൾ ഇന്ത്യയ്ക്ക് മേൽ യുഎസ് ചുമത്തിയ ആകെ തീരുവ 50 ശതമാനമാണ്. റഷ്യയിൽ നിന്ന് നേരിട്ടോ അല്ലാതെയോ എണ്ണ ഇറക്കുമതി ചെയ്യുന്നതിനാണ് ഇന്ത്യയ്‌ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് എക്സിക്യൂട്ടീവ് ഉത്തരവ് പറയുന്നു. മൂന്ന് ആഴ്ചയ്ക്കുള്ളിൽ താരിഫ് പ്രാബല്യത്തിൽ വരും.
Discussion about this post