ന്യൂഡൽഹി : ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ പൂർത്തിയായതായി വ്യക്തമാക്കി കേന്ദ്രസർക്കാർ. നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്റെ ഒപ്പുവെക്കൽ ഉടൻ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 2023ലാണ് ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരുന്നത്.
രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വാണിജ്യ, വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ് ആണ് ഇന്ത്യ-ഒമാൻ വ്യാപാര കരാർ ചർച്ചകൾ പൂർത്തിയായതായി അറിയിച്ചത്. ഇന്ത്യയ്ക്കും ഒമാനും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ഒരു നീണ്ട ചരിത്രമാണുള്ളത്, അത് പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അടിത്തറയിൽ അധിഷ്ഠിതമാണ്, കൂടാതെ നൂറ്റാണ്ടുകളായി ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ ശക്തമായ ബന്ധമുണ്ട്. ഇരു രാജ്യങ്ങളും തന്ത്രപരമായ പങ്കാളികളാണ് എന്നും ജിതിൻ പ്രസാദ് രാജ്യസഭയിൽ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പ്രധാന സ്വതന്ത്ര വ്യാപാര കരാറുകളിൽ (എഫ്‌ടിഎ) ആണ് ഇന്ത്യ ഒപ്പ് വച്ചിട്ടുള്ളത്. 2021 ൽ പ്രാബല്യത്തിൽ വന്ന ഇന്ത്യ-മൗറീഷ്യസ് സമഗ്ര സാമ്പത്തിക സഹകരണ പങ്കാളിത്ത കരാർ, 2022 ൽ ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാർ, 2024 ൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാർ, 2025 ൽ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ എന്നിവയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യ ഒപ്പു വച്ചിരിക്കുന്ന വ്യാപാര കരാറുകൾ. കൂടാതെ നിരവധി പുതിയ കരാറുകളെക്കുറിച്ചുള്ള ചർച്ചകളും വിവിധ രാജ്യങ്ങളുമായി നടക്കുന്നുണ്ട്.









Discussion about this post