കാൻബെറ : പലസ്തീനെ ഔദ്യോഗിക രാഷ്ട്രമായി അംഗീകരിക്കാൻ തയ്യാറാണെന്ന് ഓസ്‌ട്രേലിയ. ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഓസ്ട്രേലിയയും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ തയ്യാറായിരിക്കുന്നത്. എന്നാൽ പലസ്തീൻ അതോറിറ്റിയിൽ നിന്നും ചില പ്രത്യേക ഉറപ്പുകൾ ലഭിച്ചാൽ മാത്രമേ അംഗീകാരം പ്രഖ്യാപിക്കുക എന്നാണ് ഓസ്ട്രേലിയ വ്യക്തമാക്കിയിട്ടുള്ളത്.
ഹമാസിനെ പലസ്തീൻ സർക്കാരിൽ നിന്ന് ഒഴിവാക്കൽ, ഗാസയിലെ സൈനികവൽക്കരണം, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തൽ എന്നിവയാണ് ഓസ്ട്രേലിയ മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങൾ. ഈ കാര്യങ്ങളിൽ പലസ്തീനിൽ നിന്നും ഉറപ്പ് ലഭിച്ചാൽ ഐക്യരാഷ്ട്രസഭയിൽ പലസ്തീനെ ഔദ്യോഗിക രാഷ്ട്രമായി അംഗീകരിക്കുന്ന കാര്യത്തിൽ പിന്തുണ നൽകും എന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗാസയിൽ വലിയ തോതിലുള്ള സൈനിക ആക്രമണത്തിനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതികളെയും ഓസ്‌ട്രേലിയ അപലപിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും ഗാസയിലെ സംഘർഷം, കഷ്ടപ്പാടുകൾ, പട്ടിണി എന്നിവ അവസാനിപ്പിക്കുന്നതിനും മനുഷ്യരാശിയുടെ ഏറ്റവും നല്ല പ്രതീക്ഷ ദ്വിരാഷ്ട്ര പരിഹാരമാണെന്ന് ആന്റണി അൽബനീസ് വ്യക്തമാക്കി.
Discussion about this post