ബെംഗളൂരു : കർണാടകയിലും ദേശീയതലത്തിലും കോൺഗ്രസിന് വൻ തലവേദന സൃഷ്ടിച്ച തുറന്നുപറച്ചിൽ നടത്തിയ കർണാടക സഹകരണ മന്ത്രി കെ.എൻ. രാജണ്ണ രാജിവെച്ചു. പാർട്ടി പുറത്താക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് രാജണ്ണയുടെ രാജി. രാഹുൽഗാന്ധിയുടെ വോട്ട് മോഷണം ആരോപണത്തിൽ വൻ തിരിച്ചടിയായ പ്രസ്താവനയ്ക്ക് പിന്നാലെ ഹൈക്കമാൻഡ് രാജണ്ണയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ കർണാടക മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകുകയായിരുന്നു. മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കും എന്ന് വ്യക്തമായതോടെ അദ്ദേഹം സ്വമേധയാ രാജി പ്രഖ്യാപിക്കുകയായിരുന്നു.
ഇന്നലെ തുമകൂരുവിൽ വെച്ച് രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണങ്ങളെ വിമർശിച്ചുകൊണ്ട് സഹകരണ മന്ത്രി രാജണ്ണ നടത്തിയ പരാമർശങ്ങൾ ആണ് തിരിച്ചടിയായത്. കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ ഭരണകാലത്താണ് വോട്ടർപട്ടിക തയാറാക്കിയത് എന്നായിരുന്നു രാജണ്ണ വ്യക്തമാക്കിയിരുന്നത്. ” കർണാടകയിൽ നിരവധി കള്ളവോട്ടുകൾ നടന്നു എന്നാണ് ഇപ്പോൾ ആരോപണങ്ങൾ ഉയരുന്നത്. അങ്ങനെ സംസാരിക്കരുത്… വോട്ടർ പട്ടിക എപ്പോഴാണ് തയ്യാറാക്കിയത്? കോൺഗ്രസ് ഭരണകാലത്താണ് ഈ വോട്ടർ പട്ടിക തയ്യാറാക്കിയത്… ആ സമയത്ത് ആരും എന്തുകൊണ്ട് സംസാരിച്ചില്ല? എന്തിനാണ് കണ്ണുകൾ അടച്ചത്? ഇപ്പോൾ ഞാൻ കൂടുതൽ സംസാരിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകും” എന്നായിരുന്നു രാജണ്ണ ഇന്നലെ ഒരു പൊതുവേദിയിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നത്.
പാർട്ടിയുടെ ഉന്നത നേതാവിനെതിരെ രാജണ്ണ നടത്തിയ തുറന്ന പരാമർശങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി പ്രകടിപ്പിക്കുകയും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രിയോട് നിർദ്ദേശിക്കുകയും ചെയ്തു. കർണാടകയിൽ വലിയ രാഷ്ട്രീയ കോളിളക്കമാണ് മന്ത്രിയുടെ ഇന്നലത്തെ പരാമർശവും ഇന്നത്തെ രാജിയും ഉണ്ടാക്കിയിരിക്കുന്നത്.
Discussion about this post