കണ്ണൂർ : സിപിഎമ്മിനും എംവി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനവുമായി തലശ്ശേരി അതിരൂപത. ബിഷപ്പ് പാംപ്ലാനി അവസരവാദി ആണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അതിരൂപത പാർട്ടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. എം വി ഗോവിന്ദൻ ഫാസിസ്റ്റുകളെ പോലെയാണ് സംസാരിക്കുന്നത് എന്ന് തലശ്ശേരി അതിരൂപത വ്യക്തമാക്കി.
ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീമാർക്ക് ജാമ്യം ലഭിച്ചതിൽ മാർ ജോസഫ് പാംപ്ലാനി കേന്ദ്രസർക്കാരിനെ പുകഴ്ത്തിയതാണ് എംവി ഗോവിന്ദനെ ചൊടിപ്പിച്ചത്. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നും കഴിഞ്ഞദിവസം എംവി ഗോവിന്ദൻ വിമർശിച്ചിരുന്നു. കന്യാസ്ത്രീമാർക്ക് ജാമ്യം കിട്ടിയപ്പോൾ അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് നന്ദി പറയുകയാണ് ബിഷപ്പ് ചെയ്തത്. ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാൻ പോകുന്നില്ല. കമ്മ്യൂണിസ്റ്റുകളും യുക്തിവാദികളും മാത്രം വിചാരിച്ചാൽ രാജ്യത്തെ രക്ഷിക്കാൻ കഴിയില്ല എന്നും എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടിരുന്നു.
എംവി ഗോവിന്ദന്റെ ഈ വിമർശനങ്ങൾക്കെതിരെ ഇപ്പോൾ തലശ്ശേരി അതിരൂപത തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എ കെ ജി സെന്ററില്‍ നിന്ന് തീട്ടൂരം വാങ്ങിയ ശേഷമാണോ മെത്രാന്മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് അതിരൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു. ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രം ഇടപെട്ടതിന് നന്ദി അറിയിച്ച നിലപാടില്‍ മാറ്റമില്ല എന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി. എം വി ഗോവിന്ദൻ നടത്തുന്ന തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ അപലപനീയമാണ്. അവസരവാദം ആപ്തവാക്യമായി സ്വീകരിച്ച ആളാണ് പാര്‍ട്ടി സെക്രട്ടറി. സ്വന്തം സ്വഭാവ വൈകല്യം മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലായി എം വി ഗോവിന്ദന്‍ ഉപയോഗിക്കരുതെന്നും തലശ്ശേരി അതിരൂപത അഭിപ്രായപ്പെട്ടു.
Discussion about this post