വിക്കറ്റുകൾ വീഴ്ത്തിയതിന് ശേഷമുള്ള വന്യമായ ആഘോഷങ്ങൾക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളികളുടെ അഭിമാനവുമായ എസ്. ശ്രീശാന്ത് പേരുകേട്ട ആളായിരുന്നു. 2007 സെപ്റ്റംബർ 22 ന് ഡർബനിൽ നടന്ന പ്രഥമ ഐസിസി വേൾഡ് ട്വന്റി 20 യുടെ സെമിഫൈനലിൽ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡനെ പുറത്താക്കിയതിന് ശേഷം ശ്രീശാന്ത് നടത്തിയ തകർപ്പൻ ആഘോഷം ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ലാത്ത ഒന്നായിരുന്നു .
ശ്രീശാന്തിന്റെ തകർപ്പൻ യോർക്കർ ഹെയ്ഡന്റെ സ്റ്റമ്പ് പിഴുതെടുത്തു. പിന്നാലെ ആവേശഭരിതനായ ശ്രീശാന്ത് ഹെയ്ഡന് നേരെ പാഞ്ഞടുത്ത് ആഘോഷം നടത്തുക ആയിരുന്നു. പിച്ചിൽ മൂന്നുവട്ടം അടിച്ച ശ്രീ നടത്തിയ ആഘോഷം അന്ന് അത്രമാത്രം ചർച്ചയായിരുന്നു. ഇപ്പോൾ, 18 വർഷത്തിനുശേഷം, രണ്ട് തവണ ലോകകപ്പ് ജേതാവായ ശ്രീശാന്ത് ആ അവിസ്മരണീയ നിമിഷത്തെക്കുറിച്ച് സംസാരിച്ചു, ഓസ്‌ട്രേലിയൻ ഓപ്പണറെ പുറത്താക്കിയതിന് ശേഷം WWE കണ്ട ഓർമയിലാണ് താൻ ആഘോഷിച്ചത് എന്ന് ശ്രീശാന്ത് പറഞ്ഞു.
“മാത്യു ഹെയ്ഡൻ വളരെ വലിയ മനുഷ്യനാണ്. ഞാൻ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് പലർക്കും അറിയില്ല. അവൻ ബൗൾഡായി, പിന്നെ WWF (വേൾഡ് റെസ്‌ലിംഗ് ഫെഡറേഷൻ)-ൽ അവർ എന്താണ് ചെയ്യുന്നത്, ‘മൂന്ന് തവണ നിലത്തടിച്ച് കഴിഞ്ഞല്ലേ എതിരാളി തോറ്റതായി പ്രഖ്യാപിക്കുന്നത്. അതുപോലെ ഞാനും ആഘോഷിച്ചു” ജിയോ ഹോട്ട്‌സ്റ്റാറിലെ ചീക്കി സിംഗിൾസിനിടെ ശ്രീശാന്ത് പറഞ്ഞു.
അമേരിക്കൻ ഗുസ്തി വിനോദ പരിപാടിയായ വേൾഡ് റെസ്‌ലിംഗ് എന്റർടൈൻമെന്റ് (WWE) ആണ് ഈ വലംകൈയ്യൻ പേസറുടെ ആഘോഷത്തിന് പ്രചോദനം നൽകിയത്. വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട ഈ പരിപാടിയുടെ ആരാധകനായിരുന്നു ശ്രീശാന്തും.
ഹെയ്ഡനെ പുറത്താക്കിയ ആ നിമിഷമായിരുന്നു ആ പോരിലെ വഴിത്തിരിവും. ഇന്ത്യ 188/5 എന്ന സ്കോർ മുന്നോട്ടുവെച്ചപ്പോൾ ഓസ്ട്രേലിയ 14.3 ഓവറിൽ 134/2 എന്ന നിലയിൽ ശക്തമായ നിലയിലായിരുന്നു. ശ്രീശാന്ത് 12 റൺ വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോൾ ഇന്ത്യ 15 റൺസിന് വിജയിച്ചു. മിസ്ബ ഉൾ ഹഖിനെ പുറത്താക്കാൻ അന്ന് പാകിസ്ഥാനെതിരെ ഫൈനലിൽ ഫൈൻ ലെഗിൽ ശ്രീശാന്ത് എടുത്ത ആ ക്യാച്ച് ഒകെ ഇന്നും ആരും മറക്കാത്ത നിമിഷമാണ്.
Discussion about this post