ന്യൂഡൽഹി : കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ. ഇസ്രായേൽ ഗാസയിൽ വംശഹത്യ നടത്തുകയാണ് എന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെ അദ്ദേഹം അപലപിച്ചു. പ്രിയങ്ക ഗാന്ധിയുടെ ഈ കാപട്യം തന്നെ ലജ്ജാകരമാണെന്ന് റൂവൻ അസർ പ്രതികരിച്ചു.
“ഇസ്രായേൽ രാഷ്ട്രം വംശഹത്യ നടത്തുകയാണ്. അവർ 60,000-ത്തിലധികം ആളുകളെ കൊന്നൊടുക്കി, അതിൽ 18,430 പേർ കുട്ടികളായിരുന്നു. നിരവധി കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ പട്ടിണികിടത്തി കൊന്നൊടുക്കി. നിശബ്ദതയിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുന്നത് തന്നെ ഒരു കുറ്റകൃത്യമാണ്. പലസ്തീൻ ജനതയുടെ മേൽ ഇസ്രായേൽ ഈ നാശം അഴിച്ചുവിടുമ്പോൾ ഇന്ത്യൻ സർക്കാർ മൗനം പാലിക്കുന്നത് ലജ്ജാകരമാണ്,” എന്നായിരുന്നു പ്രിയങ്ക ഗാന്ധി പ്രസ്താവന നടത്തിയിരുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ ഇസ്രായേൽ അംബാസഡർ രംഗത്തെത്തിയിരിക്കുന്നത്.
“ലജ്ജാകരം നിങ്ങളുടെ ഈ കാപട്യമാണ്. ഇസ്രായേൽ 25,000 ഹമാസ് ഭീകരരെ കൊന്നൊടുക്കി. എന്നാൽ സാധാരണക്കാരുടെ പിന്നിൽ ഒളിച്ചിരിക്കുക, സഹായം സ്വീകരിക്കാനോ ഒഴിപ്പിക്കാനോ ശ്രമിക്കുന്ന ആളുകളെ വെടിവയ്ക്കുക, റോക്കറ്റ് ആക്രമണം നടത്തുക തുടങ്ങിയ ഹമാസിന്റെ ഹീനമായ തന്ത്രങ്ങളിലാണ് മനുഷ്യജീവനുകളുടെ ഭീകരമായ നഷ്ടം ഉണ്ടായത്. ഇസ്രായേൽ ഗാസയിലേക്ക് 2 ദശലക്ഷം ടൺ ഭക്ഷണം എത്തിച്ചു. അതേസമയം ഹമാസ് അവ പിടിച്ചെടുക്കാൻ ശ്രമിക്കുകയും അതുവഴി വിശപ്പ് സൃഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞ 50 വർഷത്തിനിടെ ഗാസയിലെ ജനസംഖ്യ 450% വർദ്ധിച്ചു, അവിടെ ഒരു വംശഹത്യയും നടന്നിട്ടില്ല. ഹമാസിന്റെ തന്ത്രങ്ങൾക്ക് കുട പിടിക്കരുത് ” എന്ന് റൂവൻ അസർ വ്യക്തമാക്കി.
Discussion about this post