ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ നിന്ന് എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അവർ മിണ്ടാപ്രാണികൾ ആണ്, ഇല്ലാതാക്കാൻ കഴിയുന്ന ഒരു പ്രശ്നമല്ല എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പതിറ്റാണ്ടുകളായി പിന്തുടർന്ന മാനുഷികവും ശാസ്ത്ര പിന്തുണയുള്ളതുമായ നയത്തിൽ നിന്നുള്ള ഒരു പിന്മാറ്റമാണ് ഇപ്പോഴത്തെ സുപ്രീംകോടതിയുടെ നിർദ്ദേശം എന്നും രാഹുൽ അഭിപ്രായപ്പെട്ടു.
ഇന്നലെയാണ് തെരുവുനായ്ക്കളെ പിടികൂടുന്നതുമായ ബന്ധപ്പെട്ട് സുപ്രീംകോടതി ഒരു നിർദ്ദേശം പുറപ്പെടുവിച്ചിരുന്നത്.
തെരുവ് നായ്ക്കളെ പിടിക്കുന്ന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന ഏതൊരു വ്യക്തിക്കോ സംഘടനയ്‌ക്കോ എതിരെ കർശന നടപടിയെടുക്കുമെന്ന് ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അത്തരക്കാർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ വിഷയത്തിൽ എതിർപ്പുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിട്ടുള്ളത്. ക്രൂരവും ഹ്രസ്വദൃഷ്ടിയുള്ളതുമായ തീരുമാനമാണ് സുപ്രീംകോടതിയുടേത് എന്നാണ് രാഹുൽഗാന്ധിയുടെ വിമർശനം. ഷെൽട്ടർ, വന്ധ്യംകരണം, വാക്സിനേഷൻ, കമ്മ്യൂണിറ്റി പരിചരണം എന്നിവയിലൂടെ യാതൊരു ക്രൂരതയും കൂടാതെ തെരുവ് നായ്ക്കളെ സുരക്ഷിതരായി സംരക്ഷിക്കണം. അവയോട് അനുകമ്പ കാട്ടണം. പൊതു സുരക്ഷയും മൃഗക്ഷേമവും കൈകോർക്കുന്നുവെന്ന് ഉറപ്പുവരുത്തണം എന്നും രാഹുൽ ഗാന്ധി അറിയിച്ചു.
Discussion about this post