ന്യൂഡൽഹി : ആധാർ പൗരത്വത്തിനുള്ള തെളിവല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് ആധാർ ഒരു തിരിച്ചറിയൽ കണക്കാക്കുന്നുണ്ട്. എന്നാൽ രാജ്യത്തെ പൗരൻ ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാർ എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ആധാർ പൗരത്വത്തിനുള്ള രേഖയായി കണക്കാക്കാൻ ആവില്ല എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സുപ്രീം കോടതി ശരിവച്ചു.
ബിഹാറിലെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) സംബന്ധിച്ച വിവാദങ്ങൾക്കിടയിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക വിധി. ജസ്റ്റിസ് സൂര്യകാന്ത് ആണ് കേസ് പരിഗണിച്ചിരുന്നത്. ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. “പൗരത്വത്തിന്റെ നിർണായക തെളിവായി ആധാർ അംഗീകരിക്കാൻ കഴിയില്ലെന്ന് കമ്മീഷൻ പറഞ്ഞത് ശരിയാണ്. അത് പരിശോധിക്കേണ്ടതുണ്ട്,” എന്ന് വിധി പ്രസവിച്ചുകൊണ്ട് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
1950 ന് ശേഷം ഇന്ത്യയിൽ ജനിച്ച എല്ലാവരും ഇന്ത്യൻ പൗരന്മാരാണെന്നായിരുന്നു കപിൽ സിബലിന്റെ വാദം. മരണമോ കുടിയേറ്റമോ കൃത്യമായി പരിശോധിക്കാതെ ഏകദേശം 65 ലക്ഷത്തോളം പേരുകൾ ഇല്ലാതാക്കിയെന്നും അദ്ദേഹം സൂചിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി, നിലവിലെ പട്ടിക ഒരു കരട് പട്ടിക മാത്രമാണെന്ന് വ്യക്തമാക്കി. പക്ഷേ ജീവിച്ചിരിക്കുന്നവരെ മനഃപൂർവ്വം മരിച്ചതായി അടയാളപ്പെടുത്തിയെന്ന വാദം അദ്ദേഹം നിരസിച്ചു. ബൂത്ത് ലെവൽ ഏജന്റുമാർക്ക് (ബിഎൽഎ) എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
Discussion about this post